സീബ്രാ ലൈന്‍: കാസര്‍ഗോഡ്- കാഞ്ഞങ്ങാട് ടൗണില്‍ വാഹനങ്ങള്‍ വേഗത കുറക്കുന്നില്ലെന്ന് കാല്‍നടയാത്രക്കാര്‍ക്ക് പരാതി,ലൈന്‍ ശ്രദ്ധയില്‍പ്പെടുന്നില്ലെന്ന് ഡ്രൈവര്‍മാര്‍.

കാസര്‍ഗോഡ്. ജനത്തിരക്കേറിയ നഗരങ്ങളിലെ സീബ്രാ ലൈന്‍ മുറിച്ചുകടക്കുന്ന കാല്‍നടയാത്രക്കാരുടെ സംരക്ഷണത്തിനായി മോട്ടോര്‍ വാഹന വകുപ്പ് ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിനിടയില്‍ ജില്ലയില്‍ പലയിടത്തും സീബ്രാ ലൈനുകള്‍ കാണാനില്ലെന്ന് പരാതി.

മാഞ്ഞുപോയ സീബ്രാ ലൈനുകള്‍ വര്‍ഷത്തിലൊരിക്കലെങ്കിലും പെയിന്റടിച്ച് കാണത്തക്ക വിധത്തിലാ ക്കണമെന്ന് കാല്‍നടയാത്രക്കാരും, വാഹനമോടിക്കുന്ന വരും ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ അധികൃത രാകട്ടെ സീബ്രാ ക്രോസിംഗില്‍ വാഹനം നിര്‍ത്തുന്നവര്‍ക്കും, പാര്‍ക്ക് ചെയ്യുന്നവര്‍ക്കും പിഴ ഈടാക്കാനാണ് ശ്രമിക്കുന്നതെന്നാണ് ആക്ഷേപം.

സീബ്രാ ലൈന്‍ മുറിച്ചുകിടക്കുന്ന കാല്‍നടയാത്രക്കാരെ ഇടിച്ചാല്‍ കടുത്ത ശിക്ഷയാണ് ഇപ്പോള്‍ പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. ഡ്രൈവിംഗ് ലൈസന്‍സ് റദ്ദ് ചെയ്യുന്നത് ഉള്‍പ്പെടെ 2000രൂപ പിഴയും ഈടാക്കും.ഈ വിഷയത്തില്‍ ഹൈ കോടതി ഇടപെടലുകളും ഉണ്ടായിട്ടുണ്ട്.സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നവരെ വാഹനത്തിന്റെ വേഗം കൂട്ടിയും,ഹോണ്‍ അടിച്ചും പേടിപ്പിക്കുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ ഇതിനകം തന്നെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നാഗരാജു ചകിലം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അതിനിടെ സംസ്ഥാനത്ത് കാല്‍നട യാത്രികരുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പോലീസ് നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ 1232 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.ഇത്രയും കേസുകളിലായി 2,57,760 രൂപ പിഴ ഈടാക്കുകയും ചെയ്തു. 32,116 വാഹനങ്ങളാണ് പരിശോധിച്ചത്.കഴിഞ്ഞ മാസമായിരുന്നു സംസ്ഥാന വ്യാപകമായി ട്രാഫിക് റോഡ് സേഫ്റ്റി മാനേജ്‌മെന്റിന്റെ നേതൃത്വത്തില്‍ പ്രത്യേക എന്‍ഫോസ്മെന്റ് പരിശോധന നടത്തിയത്.ക്രോസിംഗുകളില്‍ കാല്‍നടയാത്രക്കാരെ പരിഗണിക്കാതെ വേഗത്തില്‍ പോകുന്ന വാഹനങ്ങള്‍ക്കെതിരെയും, കാല്‍നടയാത്രക്കാര്‍ക്ക് അനുവദനീയവുമായ നടവഴിയില്‍ അവര്‍ക്കത് അവഗണിക്കുന്ന രീതിയില്‍ പെരുമാറുന്ന വാഹനങ്ങള്‍ക്കെതിരെയുമാണ് നടപടി സ്വീകരിച്ചത്.

കഴിഞ്ഞ മാസം വരെയുള്ള കണക്കനുസരിച്ച് ഈ വര്‍ഷം 851 കാല്‍നടയാത്രക്കാര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ടെന്ന് കണക്കുകളില്‍ സൂചിപ്പിക്കുന്നു.ഇതില്‍ 218 ഉം സീബ്രാ ലൈനില്‍ വാഹനങ്ങള്‍ നിര്‍ത്താന്‍ കൂട്ടാക്കാതിരുന്നതിനാലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത്തരം നിയമലംഘനങ്ങള്‍ കണ്ടാല്‍ 9747001099 എന്ന വാട്‌സ്ആപ്പ് നമ്പറില്‍ ബന്ധപ്പെടാനും മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചിട്ടുമുണ്ട്.

ഫോട്ടോ:മാഞ്ഞുപോയ കാസര്‍ഗോഡ് ടൗണിലെ സീബ്രാ ലൈനും,സമീപത്തെ ഇരുചക്ര വാഹന പാര്‍ക്കിംഗും

Scroll to Top