ഡിസ്ട്രിക്ട് ഡെവലപ്മെന്റ് കോഡിനേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ ജില്ലാതല അവലോകനയോഗം കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തി തൊഴിലുറപ്പ് തൊഴിലാളികള്‍ മികച്ച പ്രകടനം കാഴ്ചവച്ചതായി വിലയിരുത്തി. 100 തൊഴില്‍ ദിനങ്ങള്‍ ഉറപ്പുവരുത്താന്‍ സാധിച്ചതില്‍ ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥരെ യോഗത്തില്‍ അഭിനന്ദിച്ചു. കേന്ദ്ര പദ്ധതികള്‍ കേന്ദ്ര-സംസ്ഥാന ധനസഹായത്തോടെ ഫലപ്രദമായി ഉപയോഗിക്കാനും വിവിധ തലങ്ങളില്‍ നിന്ന് ഏകോപനം ചെയ്യുന്നതിനുമായാണ് യോഗം ചേര്‍ന്നത്.
പ്രധാനമന്ത്രി ഗ്രാമ സഡക്ക് യോജനയില്‍ പെടുത്തിയുള്ള റോഡ് നിര്‍മ്മാണം കൂടുതല്‍ പരിസ്ഥിതി സൗഹാര്‍ദ്ദം ഉള്ളതാക്കും. പ്രധാനമന്ത്രി ഗ്രാം സഡക്ക് യോജനയില്‍ പെടുത്തി കഴിഞ്ഞവര്‍ഷം വരെയുള്ള എല്ലാ റോഡുകളും പൂര്‍ത്തിയായി. ഒരു റോഡില്‍ മാത്രം നെയിം ബോര്‍ഡുകള്‍ വെക്കാനുണ്ട്. ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ 36 കേന്ദ്രവിഷ്‌കൃത പദ്ധതികള്‍ക്ക് പണം അനുവദിക്കും. നാഷണല്‍ സോഷ്യല്‍ അസിസ്റ്റന്റ് സ്‌കീമില്‍ ജില്ലയിലെ ഭിന്നശേഷി, വയോജന പെന്‍ഷന്‍ ഉള്‍പ്പെടെ 1,94,288 പേര്‍ പെന്‍ഷന്‍ ഗുണഭോക്താക്കളാണ്. സന്‍സദ് ആദര്‍ശ് ഗ്രാമ യോജന പ്രകാരം അടിസ്ഥാന സൗകര്യ വികസനം ആവശ്യമുള്ള ഗ്രാമം ദത്തെടുക്കേണ്ടതുള്ളതിനാല്‍ അത്തരം ഗ്രാമങ്ങള്‍ മാനദണ്ഡങ്ങള്‍ പ്രകാരം ചൂണ്ടിക്കാണിക്കാന്‍ എം.പി നിര്‍ദ്ദേശം നല്‍കി.
അമൃത് പദ്ധതിയുമായി ബന്ധപ്പെട്ട പദ്ധതികള്‍ പുരോഗമിക്കുന്നു. ഉച്ചഭക്ഷണ പദ്ധതിയില്‍പ്പെടുത്തി ഈ അധ്യയന വര്‍ഷം മുതല്‍ എല്ലാ സ്‌കൂളുകളിലും ഉച്ചഭക്ഷണം നല്‍കാന്‍ സാധിച്ചിട്ടുണ്ട്. 38 സ്‌കൂളുകള്‍ക്ക് പ്രഭാത ഭക്ഷണവും നല്‍കുന്നുണ്ട്. മുഖ്യമന്ത്രിയുടെ പന്ത്രണ്ടിന പരിപാടിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ 62 പൊതു ശൗചാലയങ്ങളും ‘ശുചിമുറികളും നിര്‍മ്മിക്കുന്നതിനുള്ള ‘ടേക്ക് എ ബ്രേക്ക്’ പദ്ധതിയില്‍ 51 എണ്ണം പ്രവര്‍ത്തി പൂര്‍ത്തീകരിച്ചു.
കല്ലട്ര മാഹിന്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ ബി.എം അനില്‍കുമാര്‍, വിവിധ ബ്ലോക്ക് പഞ്ചായത്ത് ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍ പ്രസിഡന്റുമാര്‍ എം.എല്‍.എമാരുടെ പ്രതിനിധികള്‍, വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പിലെ ജില്ലാതല ഉദ്യോഗസ്ഥരും പങ്കെടുത്തു. എല്‍.എസ്.ജി.ഡി പ്രൊജക്റ്റ് ഡയറക്ടര്‍ ടി.ടി സുരേന്ദ്രന്‍ സ്വാഗതവും എല്‍.എസ്.ജി.ഡി അസിസ്റ്റന്റ് സെറികള്‍ച്ചര്‍ ഓഫീസര്‍ മുഹമ്മദ് മദനി നന്ദിയും പറഞ്ഞു.




