ട്രംപ് യുദ്ധം തുടര്‍ന്നാല്‍ യൂറോപ്പിലെ യുഎസ് താവളങ്ങള്‍ ആക്രമിക്കുമെന്ന് ഇറാന്‍

വാഷിങ്ടണ്‍: പശ്ചിമേഷ്യന്‍ യുദ്ധം കൂടുതല്‍ രൂക്ഷമാക്കാനാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കമെങ്കില്‍ യൂറോപ്പിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന് ഇറാന്‍. ഇറാനിയന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത് സൈപ്രസിലെ ബ്രിട്ടീഷ് വ്യോമതാവളവും സാധ്യതയുള്ള ലക്ഷ്യങ്ങളില്‍ ഒന്നാണെന്നാണ് റിപ്പോര്‍ട്ട്. മാര്‍ച്ചില്‍ ഈ സൈനിക കേന്ദ്രത്തിന് നേരെ ഡ്രോണ്‍ ആക്രമണം നടന്നിരുന്നു. തെക്കുകിഴക്കന്‍ യൂറോപ്പിലെ ബള്‍ഗേറിയയും ഇറാന്റെ തിരിച്ചടിക്കായി പരിഗണിക്കുന്ന ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ട്.

അതേസമയം പ്രതിരോധിക്കുക എന്നതിലുപരിയായി രാജ്യം പൂര്‍ണമായും ആക്രമണ മനോഭാവത്തിലേക്ക് മാറിയതായി ഇറാന്റെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സംഘര്‍ഷം അവസാനിപ്പിക്കുന്നതിനും ഹോര്‍മൂസ് കടലിടുക്കിന്റെ നിയന്ത്രണം സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുമുള്ള ചര്‍ച്ചകള്‍ നിലച്ച സാഹചര്യത്തിലാണ് ഈ നീക്കം.

ഇറാനുമായി നിലവില്‍ ചര്‍ച്ചകളൊന്നും നടക്കുന്നില്ലെന്നും ചര്‍ച്ചകള്‍ക്ക് പദ്ധതിയില്ലെന്നും നേരത്തെ ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതോടൊപ്പം ഹോര്‍മൂസ് കടലിടുക്കിനെ പുതിയ യുഎസ് പ്രദേശം എന്ന് അടയാളപ്പെടുത്തിയ മാപ്പും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. അമേരിക്കന്‍ നാവിക ഉപരോധം തുടരുമെന്നും ഹോര്‍മൂസ് പ്രവര്‍ത്തനക്ഷമമാണെന്നും ട്രംപ് അവകാശപ്പെട്ടു. എന്നാല്‍ അമേരിക്ക ഉപരോധം പിന്‍വലിക്കുകയും മരവിപ്പിച്ച ആസ്തികള്‍ വിട്ടുനല്‍കുകയും എണ്ണ ഉപരോധം നീക്കുകയും സൈനിക നടപടികള്‍ അവസാനിപ്പിക്കുകയും ചെയ്യുന്നതുവരെ ഹോര്‍മൂസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഘര്‍ ഗാലിബാഫ് തുറന്നടിച്ചു.

അതേസമയം, മറൈന്‍ ട്രാഫിക് വിവരങ്ങള്‍ പ്രകാരം, ഹോര്‍മൂസ് കടലിടുക്കിലെ ഇറാന്റെ നിയന്ത്രണം ക്രമേണ കുറയുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. പശ്ചിമേഷ്യന്‍ യുദ്ധത്തിനു മുമ്പ് ക്രൂഡ് ഓയില്‍, പ്രകൃതി വാതക ഗതാഗതത്തിന്റെ ഏകദേശം അഞ്ചിലൊന്ന് കടന്നുപോകുന്നത് ഈ പ്രധാന ജലപാതയിലൂടെയായിരുന്നു. കഴിഞ്ഞ ആഴ്ച കുറഞ്ഞത് 95 കപ്പലുകളും അതിന് മുമ്പത്തെ ആഴ്ച 118 കപ്പലുകളും കടന്നു പോയതായി മറൈന്‍ ട്രാഫിക് ഡാറ്റ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ രണ്ടാഴ്ച ഹോര്‍മൂസിലൂടെ കടന്നുപോയ കപ്പലുകളില്‍ ഏകദേശം 80 ശതമാനവും ഒമാന്‍ റൂട്ടാണ് ഉപയോഗിച്ചതെന്നാണ് ആഗോള ഷിപ്പിങ് ഡാറ്റാ സ്ഥാപനമായ കെപ്ലറിന്റെ കണക്ക്. ഐക്യരാഷ്ട്രസഭ അംഗീകരിച്ച ഈ ഷിപ്പിങ് ചാനലിനെ ഇറാന്‍ ശക്തമായി എതിര്‍ക്കുന്നുണ്ട്. ഇറാന്‍ ഇപ്പോഴും ഹോര്‍മുസ് തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും കൂടുതല്‍ കപ്പലുകള്‍ ഇറാന്റെ മുന്നറിയിപ്പുകള്‍ അവഗണിച്ച് അമേരിക്കയുടെ സംരക്ഷണം ലഭിക്കുമെന്ന ഉറപ്പില്‍ ജലപാതയിലൂടെ സഞ്ചരിക്കുന്നുണ്ട്.

Scroll to Top