പത്തനംതിട്ട: എംവിഡി ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷനില്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. ഓഫ് റോഡ് വാഹനത്തില്‍ അനധികൃതമായി ഘടിപ്പിച്ച ലൈറ്റുകള്‍ക്ക് പിഴ ചുമത്തിയ ഉദ്യോഗസ്ഥരെ ഗതാഗത വകുപ്പ് സസ്‌പെന്‍ഡ് ചെയ്യുകയും പിന്നീട് തിരിച്ചെടുക്കുകയും ചെയ്തിരുന്നു. പത്തനംതിട്ടയില്‍ പ്രളയ ദുരിതാശ്വാസത്തില്‍ പങ്കെടുത്ത വാഹനത്തിന് പിഴ ഇട്ടെന്ന പേരില്‍ ആയിരുന്നു നടപടി. അനധികൃത ലൈറ്റുകള്‍ക്ക് പിഴ ഈടാക്കണമെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ഈ സാഹചര്യത്തില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത കാര്യം വിശദീകരിക്കാനാണ് നിര്‍ദേശം. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത ഉള്‍പ്പെടുത്തിയാണ് സ്വമേധയാ എടുത്ത കേസില്‍ കോടതി ഉത്തരവ്. കേസ് മറ്റന്നാള്‍ പരിഗണിക്കും. അനധികൃത ലൈറ്റുകള്‍ ഉള്‍പ്പെടെയുള്ള മോഡിഫിക്കേഷന്‍ കളില്‍ കേന്ദ്രസര്‍ക്കാരിനോടും കോടതി വിശദീകരണം തേടിയിട്ടുണ്ട്.




