എം.ജി റോഡിലെ അപകടം: സ്ഥലത്തെ കയ്യേറ്റവും നഗരസഭയുടെ അനാസ്ഥയും അന്വേഷിക്കണം – യൂത്ത് കോണ്‍ഗ്രസ്

കാസറഗോഡ് നഗരത്തിലെ എം.ജി റോഡില്‍ ഇന്നലെ വൈകുന്നേരം ഒരാളുടെ മരണത്തിനിടയാക്കിയ അപകടം നടന്നത് ഷോബിക വെഡ്ഡിംഗിനും ടോട്ടോ മാളിനും ഇടയിലുള്ള ഭാഗത്താണ്. പ്രസ്തുത സ്ഥലത്ത് കയ്യേറ്റം നടന്നിട്ടുണ്ടോ എന്നതടക്കം ബന്ധപ്പെട്ട രേഖകളും സ്ഥലപരിശോധനയും നടത്തി അടിയന്തരമായി അന്വേഷിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് കാസറഗോഡ് നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

ഈ ഭാഗത്ത് നിരന്തരമായി അപകടങ്ങള്‍ ഉണ്ടാകുകയും പൊതുജനങ്ങളില്‍ നിന്ന് നിരവധി പരാതികള്‍ ഉയരുകയും ചെയ്തിട്ടും വിഷയത്തില്‍ ആവശ്യമായ പരിശോധന നടത്താന്‍ നഗരസഭാ അധികൃതര്‍ തയ്യാറായിട്ടില്ല. അപകടസാധ്യത സംബന്ധിച്ച് നിരന്തരമായി നഗരസഭാ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടും ഒരു തരത്തിലുള്ള അന്വേഷണത്തിനും പരിശോധനയ്ക്കും തയ്യാറാകാതിരുന്നത് ഗുരുതരമായ അനാസ്ഥയാണ്.

അപകടം നടന്ന സ്ഥലം നിയമപരമായി അനുവദിച്ച പരിധിക്കുള്ളിലാണോ, റോഡിനോടനുബന്ധിച്ചുള്ള സ്ഥലം ഏതെങ്കിലും തരത്തില്‍ കയ്യേറിയിട്ടുണ്ടോ, കെട്ടിടങ്ങളുടെ നിര്‍മ്മാണവും ഉപയോഗവും നിലവിലുള്ള ചട്ടങ്ങള്‍ പാലിച്ചാണോ തുടങ്ങിയ കാര്യങ്ങള്‍ അടിയന്തരമായി പരിശോധിക്കണം.

ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ട നഗരസഭാ ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളുടെ പരാതികള്‍ അവഗണിച്ച് കെട്ടിട ഉടമകളുടെ താല്‍പര്യങ്ങള്‍ക്ക് അനുകൂലമായി നിലകൊള്ളുന്നുവെന്ന ആക്ഷേപം ഗൗരവമായി പരിശോധിക്കേണ്ടതാണ്. ഒരു മനുഷ്യജീവന്‍ നഷ്ടപ്പെട്ടതിന് ശേഷമെങ്കിലും നഗരസഭ ഉണര്‍ന്ന് സമഗ്രമായ അന്വേഷണം നടത്തണം.

അപകടത്തിന് കാരണമായ സാഹചര്യങ്ങള്‍ കണ്ടെത്തുന്നതിനൊപ്പം, സ്ഥലത്തെ കയ്യേറ്റം, കെട്ടിട നിര്‍മ്മാണ അനുമതി, പാര്‍ക്കിംഗ്, റോഡിലേക്കുള്ള പ്രവേശന-പുറത്തിറങ്ങല്‍ സംവിധാനങ്ങള്‍, സുരക്ഷാ മാനദണ്ഡങ്ങള്‍ എന്നിവയും പരിശോധിക്കണം. വീഴ്ച കണ്ടെത്തിയാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും കെട്ടിട ഉടമകള്‍ക്കുമെതിരെ കര്‍ശനമായ നിയമനടപടി സ്വീകരിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

യൂത്ത് കോണ്‍ഗ്രസ് കാസറഗോഡ് നിയോജകമണ്ഡലം പ്രസിഡന്റ് ആബിദ് എടച്ചേരിയും ജനറല്‍ സെക്രട്ടറി ശംസുദ്ധീന്‍ ചെറുണിയും സംയുക്ത പ്രസ്താവനയിലാണ് ഈ ആവശ്യങ്ങള്‍ ഉന്നയിച്ചത്.

പൊതുജനങ്ങളുടെ പരാതികള്‍ തുടര്‍ച്ചയായി അവഗണിച്ച നഗരസഭാ ഉദ്യോഗസ്ഥരുടെ നടപടിയും അപകടത്തിന് ഇടയാക്കിയ സാഹചര്യങ്ങളും സമഗ്രമായി അന്വേഷിച്ച് റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

Scroll to Top