കാസര്‍ഗോഡ്:
കാസര്‍ഗോഡ് ജില്ലയില്‍ സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാര്‍ക്കും സ്‌പെഷ്യലിസ്റ്റ് അധ്യാപകര്‍ക്കുമായി ജില്ലാതല ലഹരി ബോധവല്‍ക്കരണ ക്ലാസ്
കാസര്‍ഗോഡ്: അധ്യാപകര്‍ക്കിടയിലും കുട്ടികള്‍ക്കിടയിലും വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ജാഗ്രത ശക്തമാക്കുന്നതിനായി സമഗ്ര ശിക്ഷാ കേരളം കാസര്‍ഗോഡിന്റെ നേതൃത്വത്തില്‍ ജില്ലയിലെ മുഴുവന്‍ സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരുടെയും സ്‌പെഷ്യലിസ്റ്റ് അധ്യാപകരുടെയും ജില്ലാതല യോഗവും ലഹരി ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. ആഗസ്റ്റ് 19ന് മാര്‍ത്തോമാ എച്ച്.എസ്. സ്‌കൂളിലാണ് യോഗം ചേര്‍ന്നത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് അടുത്തകാലത്തുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രത്യേക യോഗം സംഘടിപ്പിച്ചത്. ലഹരി ഉപയോഗത്തിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയുന്നതിലും കുട്ടികളെ ലഹരിയില്‍ നിന്ന് അകറ്റിനിര്‍ത്തുന്നതിലും അധ്യാപകര്‍ക്ക് നിര്‍ണായക പങ്കുണ്ടെന്ന് യോഗം ചര്‍ച്ച ചെയ്തു.
കാസര്‍ഗോഡ് ബി.പി.സി. സൗമ്യ കെ.എസ്. അധ്യക്ഷത വഹിച്ച യോഗം ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഷൗക്കത്തലി അക്കളത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരായ മധുസൂദനന്‍ ടി., ശശിധരന്‍ പി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ഡി.പി.ഒ. ഷംസുദീന്‍ സ്വാഗതവും കാസര്‍ഗോഡ് ബി.ആര്‍.സി. ട്രെയിനര്‍ നൈസിലി എസ്. നന്ദിയും പറഞ്ഞു.
തുടര്‍ന്ന് മഞ്ചേശ്വരം ബി.പി.സി. രാജഗോപാലന്‍ പി.യുടെ നേതൃത്വത്തില്‍ ലഹരി ബോധവല്‍ക്കരണ ക്ലാസ് നടന്നു. കുട്ടികളിലെ ലഹരി ഉപയോഗം നേരത്തെ കണ്ടെത്തുന്നതിനും ആവശ്യമായ ഇടപെടലുകളിലൂടെ അവരെ ലഹരിയില്‍ നിന്ന് പിന്തിരിപ്പിക്കുന്നതിനും അധ്യാപകര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ക്ലാസില്‍ വിശദീകരിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സമഗ്ര ശിക്ഷാ കേരളത്തിലെ സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരും സ്‌പെഷ്യലിസ്റ്റ് അധ്യാപകരും പൂര്‍ണ പിന്തുണ നല്‍കണമെന്നും ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളികളാകണമെന്നും ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഷൗക്കത്തലി അക്കളത്ത് ആവശ്യപ്പെട്ടു.
കുട്ടികളുടെ സുരക്ഷയും ആരോഗ്യകരമായ ഭാവിയും ഉറപ്പാക്കുന്നതിന് ”ലഹരിക്കെതിരെ ജാഗ്രത – അധ്യാപകരിലൂടെ കരുത്തുറ്റ പ്രതിരോധം” എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ചാണ് ജില്ലാതല യോഗം സമാപിച്ചത്.
ലഹരിക്കെതിരെ അധ്യാപകരുടെ ജാഗ്രത ശക്തമാക്കണം;അധ്യാപകരിലൂടെ ലഹരിക്കെതിരെ കരുത്തുറ്റ പ്രതിരോധം തീര്‍ക്കും




