തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്യുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വിഡി സതീശന്‍, ദക്ഷിണ മേഖലാ കൗണ്‍സില്‍ യോഗത്തിനിടെ വിവിധ വിഷയങ്ങള്‍ ചര്‍ച്ചയായി

തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്യുമായി കേരള മുഖ്യമന്ത്രി വി ഡി സതീശന്‍ കൂടിക്കാഴ്ച നടത്തി. ചെന്നൈയില്‍ നടന്ന ദക്ഷിണ മേഖലാ കൗണ്‍സില്‍ യോഗത്തിന് മുന്നോടിയായി നടന്ന ചര്‍ച്ചയില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ തമ്മിലുള്ള സഹകരണവും വികസന വിഷയങ്ങളും ചര്‍ച്ചയായി
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്യുമായി കൂടിക്കാഴ്ച നടത്തി കേരള മുഖ്യമന്ത്രി വി ഡി സതീശന്‍. ചെന്നൈ മഹാബലിപുരത്ത് നടക്കുന്ന ദക്ഷിണ മേഖലാ കൗണ്‍സിലിന്റെ 31 -ാം യോഗത്തിന് മുന്നോടിയായാണ് ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ തമ്മിലുള്ള സഹകരണവും വിവിധ വികസന വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. മുഖ്യമന്ത്രി വി ഡി സതീശനൊപ്പം വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ മഹാബലിപുരത്ത് രാവിലെ 10 മണി മുതലാണ് ദക്ഷിണ മേഖലാ കൗണ്‍സില്‍ യോഗം ആരംഭിച്ചത്. കേരളത്തിന് പുറമെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും മുഖ്യമന്ത്രിമാരും മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ സംബന്ധിക്കുന്നുണ്ട്.

കര്‍ണാടക-തമിഴ്‌നാട് ചര്‍ച്ച നടക്കുമോ?
മേഖലാ കൗണ്‍സില്‍ യോഗത്തില്‍ സംസ്ഥാനങ്ങള്‍ തമ്മിലുള്ള അതിര്‍ത്തി തര്‍ക്കങ്ങളും നദീജല പ്രശ്‌നങ്ങളും പ്രധാന ചര്‍ച്ചാവിഷയമാകും. പ്രത്യേകിച്ച്, തമിഴ്‌നാടും കര്‍ണാടകയും തമ്മില്‍ നിലനില്‍ക്കുന്ന കാവേരി തര്‍ക്കത്തില്‍ ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ തമ്മില്‍ പ്രത്യേക ചര്‍ച്ചകള്‍ നടത്തുമോ എന്നതില്‍ വലിയ ആകാംക്ഷ നിലനില്‍ക്കുന്നുണ്ട്.

Scroll to Top