മത്സ്യത്തൊഴിലാളികള്‍ക്കുള്ള പഞ്ഞമാസ ആശ്വാസ പദ്ധതി, സര്‍ക്കാര്‍ തുക നല്‍കും; പട്ടിക സമര്‍പ്പിക്കാന്‍ മത്സ്യ ഭവനുകള്‍ക്ക് നിര്‍ദേശം

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസമായ പഞ്ഞമാസ ആനുകൂല്യ (സമ്പാദ്യ സമാശ്വാസ പദ്ധതി) തുക നല്‍കാന്‍ ഒരുങ്ങി സര്‍ക്കാര്‍. ഓണത്തിന് മുമ്പ് തുക നല്‍കാനാണ് തീരുമാനം. പദ്ധതിയിലെ ഗുണഭോക്താക്കളായ തൊഴിലാളികളുടെ പട്ടിക സമര്‍പ്പിക്കാന്‍ മത്സ്യ ഭവനുകള്‍ക്ക് നിര്‍ദേശം നല്‍കി. ഫിഷറീസ് മന്ത്രിയുടെ ഓഫീസാണ് നിര്‍ദ്ദേശം നല്‍കിയത്. പദ്ധതിയിലെ കേന്ദ്ര-സംസ്ഥാന വിഹിതങ്ങള്‍ തൊഴിലാളികള്‍ക്ക് ലഭിക്കാത്തത് ട്വന്റിഫോര്‍ വാര്‍ത്തയാക്കിയിരുന്നു.

പിന്നാലെയാണ് ഫിഷറീസ് വകുപ്പിന്റെ ഇടപെടല്‍. മത്സ്യത്തൊഴിലാളികള്‍ക്ക് പഞ്ഞമാസങ്ങളില്‍ അല്ലലില്ലാതെ ജീവിക്കാനും സമ്പാദ്യശീലം വളര്‍ത്താനും ലക്ഷ്യമാക്കിയുള്ള പഞ്ഞമാസ സന്പാദ്യപദ്ധതിയില്‍ മീന്‍പിടിത്ത സീസണ്‍ അല്ലാത്ത മെയ് മുതല്‍ ജൂലൈ വരെ തൊഴിലാളികള്‍ക്ക് മൂന്ന് ഗഡുക്കളായി 6000 രൂപയാണ് നല്‍കേണ്ടത്.

മത്സ്യത്തൊഴിലാളികളും മത്സ്യ അനുബന്ധ തൊഴിലാളികളും പീലിങ് തൊഴിലാളികളും ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ആനുകൂല്യം ലഭിക്കേണ്ടത്.ട്രോളിങ് നിരോധനം അവസാനിക്കാന്‍ ഒരുദിവസം മാത്രം ബാക്കിനില്‍ക്കെയാണ് സൗജന്യ റേഷന് അര്‍ഹരായ ഗുണഭോക്താക്കളുടെ പട്ടികപോലും ഫിഷറീസ് വകുപ്പ് റേഷന്‍കടകള്‍ക്ക് നല്‍കിയത്. റേഷന് അര്‍ഹരായ ഗുണഭോക്താക്കളുടെ പട്ടിക സിവില്‍ സപ്ലൈസിന് നല്‍കുന്നതില്‍ ഫിഷറീസ് വകുപ്പ് കാലതാമസം വരുത്തിയതോടെ ട്രോളിങ് നിരോധനം അവസാനിച്ചശേഷമാണ് റേഷന്‍ നല്‍കിത്തുടങ്ങിയത്.

Scroll to Top