പലസ്തീന് ഇന്ത്യയുടെ സഹായ ഹസ്തം; വെസ്റ്റ് ബാങ്കില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി നിര്‍മിക്കുന്നു

ദില്ലി: പലസ്തീനിലെ വെസ്റ്റ് ബാങ്കില്‍ 200 കിടക്കകളുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി നിര്‍മ്മിക്കാന്‍ ഇന്ത്യ. രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുന്ന ആശുപത്രിക്കായി തറക്കല്ലിട്ടു. ഇസ്രയേലുമായുള്ള ബന്ധം ചര്‍ച്ചയാകുമ്പോള്‍ തന്നെ പലസ്തീനൊപ്പം ഉറച്ചു നില്‍ക്കുന്നുവെന്ന് വ്യക്തമാക്കുക കൂടിയാണ് ഇന്ത്യ.

ജനീന്‍ ഗവര്‍ണറേറ്റിലാണ് ഇന്ത്യയുടെ പുതിയ സൂപ്പര്‍ സ്‌പെഷ്യലിറ്റി ആശുപത്രി വരുന്നത്. നിര്‍മാണം രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകും. പലസ്തീനില്‍ സന്ദര്‍ശനം നടത്തുന്ന ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടരി അംബാസഡര്‍ ശ്രീപ്രിയ രംഗനാഥന്റെ നേതൃത്വത്തില്‍ പലസ്തീനില്‍ ഇന്ത്യ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. പലസ്തീന്‍ പ്രധാനമന്ത്രി മുഹമ്മദ് മുസ്തഫയും പങ്കെടുത്തു. ഗാസയിലെ മാനുഷിക സ്ഥിതിയില്‍ ഇന്ത്യ ആശങ്ക രേഖപ്പെടുത്തി. ഇരു രാഷ്ട്ര പരിഹാരമാണ് പലസ്തീന്‍ വിഷയത്തില്‍ വേണ്ടതെന്ന് നിലപാട് ഇന്ത്യ വ്യക്തമാക്കിയിരുന്നു. പലസ്തീനില്‍ ടെക്‌നിക്കല്‍ ആന്‍ഡ് വൊക്കേഷണല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് ടെര്യിനിങ് കേന്ദ്രത്തിനായി കരാറൊപ്പിട്ടു. തൊഴില്‍ സാധ്യതകള്‍ കൂട്ടാന്‍ പലസ്തീനിയന്‍ നാഷണല്‍ പ്രിന്റിങ് സെന്റരുമായി ഇന്ത്യ ചേര്‍ന്ന് പ്രവര്‍ത്തിക്കും.

ഇന്ത്യ ഫണ്ട് നല്‍കുന്ന പലസ്തീനിയന്‍ നയതന്ത്ര ഇന്‍സ്റ്റിറ്റ്യൂട്ട്-നിര്‍മ്മാണം നടക്കുന്നു. ഇന്ത്യയുടെ സുഷമ സ്വരാജ് ഫോറിന്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചേക്കും. ഇന്ത്യ പങ്കാളിയായ ഇന്ത്യ-പലസ്തീന്‍ ടെക്‌നോ പാര്‍ക്ക് പലസ്തീന്‍ സംരംഭകര്‍ക്കും ഗവേഷകര്‍ക്കും നയ രൂപീകരണം നടത്തുന്നവര്‍ക്കും പുതിയ അവസരങ്ങള്‍ തുറക്കും. ഐക്യരാഷ്ട്ര സഭയുടെ സുരക്ഷ കൗണ്‍സിലില്‍ ഇന്ത്യയുടെ താല്‍ക്കാലിക അംഗത്വത്തെ പലസ്തീന്‍ പിന്തുണച്ചേക്കും എന്നതാണ് പ്രതീക്ഷിക്കുന്നത്. ലോകരാഷ്ട്രങ്ങളുടെ പേരില്‍ ഇസ്രയേല്‍ ബന്ധം ചര്‍ച്ചയായിരിക്കെ പലസ്തീനുമായുള്ള ബന്ധം ശക്തമാക്കുന്നത് ആഗോള വേദികളില്‍ ഇന്ത്യയ്ക്ക് പ്രധാനമാണ്.

Scroll to Top