പേരുമാറ്റത്തിന് ഒരുങ്ങി കൊച്ചി മെട്രോ; ഇനി ‘കേരളം മെട്രോ’ റെയില്‍ ലിമിറ്റഡ്, ശുപാര്‍ശ സമര്‍പ്പിച്ച് കെഎംആര്‍എല്‍

കൊച്ചി: പേരുമാറ്റത്തിന് ഒരുങ്ങി കൊച്ചി മെട്രോ. കേരളം മെട്രോ റെയില്‍ ലിമിറ്റഡ് എന്ന പേര് ശുപാര്‍ശ ചെയ്തു. പേരുമാറ്റത്തിന് സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ച് കെ എം ആര്‍ എല്‍. ഇതിനായി സംസ്ഥാന സര്‍ക്കാരിന്റെ തത്ത്വത്തിലുള്ള അംഗീകാരം തേടി കെ.എം.ആര്‍.എല്‍ എം.ഡി ലോക്‌നാഥ് ബഹ്‌റ സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചു. കൊച്ചിയിലെ മെട്രോ സര്‍വീസുകള്‍ക്ക് പുറമെ, സംസ്ഥാനത്തൊട്ടാകെയുള്ള നഗര ഗതാഗത പദ്ധതികള്‍ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും ലക്ഷ്യമിട്ടാണ് ഈ പേര് മാറ്റം.

ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെയുള്ള ഒന്നാംഘട്ടം വിജയകരമായി പൂര്‍ത്തിയാക്കി പ്രവര്‍ത്തന ലാഭത്തിലാണ് കമ്പനി. നാഗ്പൂര്‍ മെട്രോ ‘മഹാരാഷ്ട്ര മെട്രോ’ ആയും, ലഖ്നൗ മെട്രോ ‘ഉത്തര്‍പ്രദേശ് മെട്രോ’ ആയും, അഹമ്മദാബാദ് മെട്രോ ‘ഗുജറാത്ത് മെട്രോ’ ആയും പുനഃസംഘടിപ്പിച്ച ദേശീയ മാതൃക പിന്തുടര്‍ന്നാണ് കെ.എം.ആര്‍.എല്‍ നീക്കം. പേരുമാറ്റത്തിന് ആദ്യം സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയാണ് ലഭിക്കേണ്ടത്.

അനുമതി ലഭിച്ചാല്‍ മറ്റ് നടപടികളിലേക്ക് കടക്കും. ഡയറക്ടര്‍ ബോര്‍ഡ്, ഓഹരി ഉടമകള്‍, കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം, കേന്ദ്ര സര്‍ക്കാര്‍ എന്നിവയുടെ അംഗീകാരങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കും അന്തിമ പേരുമാറ്റം നടപ്പിലാക്കുക. പേരുമാറ്റം കെ.എം.ആര്‍.എല്‍ കമ്പനിയുടെ നിലവിലെ സ്വത്തുക്കള്‍, ബാധ്യതകള്‍, കരാറുകള്‍, ജീവനക്കാര്‍, നിയമപരമായ നിലനില്‍പ്പ് എന്നിവയെ ബാധിക്കില്ലെന്നും കമ്പനിയുടെ സ്വന്തം ബജറ്റില്‍ നിന്ന് തുക വിനിയോഗിച്ചായിരിക്കും ബ്രാന്‍ഡിംഗും മാറ്റങ്ങളും നടപ്പാക്കുകയെന്നും എം ഡി വ്യക്തമാക്കി.

കലൂര്‍ ജെ.എല്‍.എന്‍ സ്റ്റേഡിയം മുതല്‍ സ്മാര്‍ട്ട് സിറ്റി വരെയുള്ള രണ്ടാംഘട്ടം ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാകും. ഇതിന് പുറമെ കൊച്ചി വാട്ടര്‍ മെട്രോ, ഇലക്ട്രിക് മൊബിലിറ്റി പദ്ധതികള്‍ തുടങ്ങിയവയും കെ.എം.ആര്‍.എല്‍ ഏറ്റെടുത്ത് നടത്തുന്നുണ്ട്. തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികളുടെ ചുമതലയും കെ.എം.ആര്‍.എല്ലിനാണ്. ഈ സാഹചര്യത്തിലാണ് നഗരകേന്ദ്രീകൃതമായ പേര് കമ്പനിയുടെ നിലവിലെയും ഭാവിയിലെയും വിപുലമായ പ്രവര്‍ത്തന മേഖലയ്ക്ക് അനുയോജ്യമല്ലാത്തതിനാല്‍ കേരളം മെട്രോ റെയില്‍ എന്ന പുതിയ പേര് നിര്‍ദ്ദേശിച്ചിരിക്കുന്നതെന്ന് ലോക്‌നാഥ് ബഹ്‌റ പറഞ്ഞു.

Scroll to Top