ടെഹ്‌റാന്‍: അമേരിക്ക കീഴടങ്ങണമെന്നാവശ്യപ്പെട്ട് ഇറാന്‍. അമേരിക്ക മേഖല വിട്ടു പോകണമെന്നും ആക്രമിച്ചാല്‍ കനത്ത തിരിച്ചടിക്കുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി. മേഖലയിലെ ക്രമം ഇനി ഇറാന്‍ നിശ്ചയിക്കുമെന്നും ഇറാന്‍ പാര്‍ലമെന്റ് ദേശീയ സുരക്ഷ കമ്മീഷന്‍ മേധാവി അവകാശപ്പെട്ടു. സാമ്പത്തിക യുദ്ധത്തിലും അമേരിക്ക തോല്‍ക്കുമെന്ന് ഇറാന്‍ പറഞ്ഞിരുന്നു. അമേരിക്കയുടെ കുതിച്ചുയര്‍ന്ന കടത്തില്‍ നിന്നും പലിശ നിരക്കില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ ഉള്ള നീക്കമാണ് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തുന്നതെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി വ്യക്തമാക്കി. പരാജയപ്പെട്ട നയങ്ങള്‍ വീണ്ടും നടപ്പിലാക്കുന്നത് അമേരിക്കയെ കൂടുതല്‍ പരാജയങ്ങളിലേക്ക് മാത്രമേ നയിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു എസിന്റെ സാമ്പത്തിക ഭീകരവാദം ആഗോള സമ്പദ്വ്യവസ്ഥയ്ക്കും രാജ്യങ്ങളുടെ പരമാധികാരത്തിനും ഭീഷണിയാണെന്നും അബ്ബാസ് അരഗ്ചി എക്‌സില്‍ പ്രതികരിച്ചു.
ഇറാനെ സഹായിക്കുന്ന ഏതൊരു രാജ്യത്തിനെതിരെയും ഇതുവരെയില്ലാത്തവിധം ശക്തമായ സാമ്പത്തിക യുദ്ധം നടത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അരഗ്ചിയുടെ ഈ പ്രതികരണം പുറത്തുവന്നത്. ഇറാനുമായി വ്യാപാരബന്ധം പുലര്‍ത്തുന്നതോ സഹായങ്ങള്‍ നല്‍കുന്നതോ ആയ ഏതൊരു രാജ്യത്തിനെതിരെയും കടുത്ത സാമ്പത്തിക നടപടികള്‍ സ്വീകരിക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. ധാരണയില്‍ എത്താന്‍ ഇറാന് താന്‍ മികച്ച അവസരം നല്‍കിയിരുന്നുവെങ്കിലും അവര്‍ അത് പ്രയോജനപ്പെടുത്തിയില്ലെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലെ പോസ്റ്റില്‍ കുറിച്ചു. മുന്‍പെങ്ങുമില്ലാത്ത വിധത്തിലുള്ള സാമ്പത്തിക ഉപരോധവും ഒറ്റപ്പെടുത്തലുമായിരിക്കും ഇനി ഇറാന് നേരിടേണ്ടി വരികയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.




