ശ്രീനാരായണഗുരു ഓപണ്‍ സര്‍വ്വകലാശാലയും ജില്ലാ സാക്ഷരതാ മിഷനും സംയുക്തമായി അഡ്മിഷന്‍ ഓറിയന്റേഷന്‍ സെമിനാര്‍ സംഘടിപ്പിച്ചു

അതിരുകളില്ലാതെ ഉന്നത വിദ്യാഭ്യാസം എല്ലാവര്‍ക്കും ലഭ്യമാക്കുന്ന ശ്രീനാരായണഗുരു ഓപണ്‍ സര്‍വ്വകലാശാലയുടെ സമീപനം പ്രശംസനീയമാണെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രഹാം പറഞ്ഞു. യൂണിവേഴ്‌സിറ്റിയുടെ പഠനോപകരണ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിച്ചു. ശ്രീനാരായണഗുരു ഓപണ്‍ സര്‍വ്വകലാശാലയും ജില്ലാ സാക്ഷരതാ മിഷനും സംയുക്തമായി കാസര്‍കോട് ജില്ലയിലെ പഠിതാക്കള്‍ക്കു വേണ്ടി അഡ്മിഷന്‍ ഓറിയന്റേഷന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്. വിജ്ഞാനം അതിരുകളില്ലാതെ ഒരുതുറന്ന സമീപനം എന്ന വിഷയത്തിലായിരുന്നു സെമിനാര്‍. 20 വര്‍ഷമായി കുറ്റിക്കോലില്‍ ജില്ലാ പഞ്ചായത്ത് നേതൃത്വം നല്‍കി നടത്തുന്ന കുട്ടികളുടെ നാടക കളരി സണ്‍ഡേ തീയേറ്ററിലെ പഠിതാക്കള്‍ക്ക് ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് അനുവദിക്കുന്നത് പരിഗണിക്കുമെന്ന് വൈസ് ചാന്‍സലര്‍ അറിയിച്ചിട്ടുണ്ടെന്ന് പ്രസിഡണ്ട് പറഞ്ഞു.

സെമിനാറില്‍ ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍
പ്രൊഫ ഡോ വി.പി. ജഗതിരാജ് അധ്യക്ഷത വഹിച്ചു. ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും അവസരം ഒരുക്കുകയാണ് സര്‍വ്വകലാശാലയുടെ പ്രധാന ലക്ഷ്യമെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു. തുടക്കത്തില്‍ ഏഴായിരം പഠിതാക്കളുണ്ടായിരുന്ന സര്‍വ്വകലാശാലയില്‍ നിലവില്‍ ഒരു ലക്ഷത്തോളം പഠിതാക്കളുണ്ട് . 86 വയസുള്ളവര്‍ വരെ ഉന്നത പഠനം നടത്തുന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളിലേക്കും ഗ്രാമീണ മേഖലകളിലേക്കും അറിവിന്റെ പ്രവേശനക്ഷമത വര്‍ധിപ്പിക്കാനാണ് സര്‍വ്വകലാശാല ലക്ഷ്യമിടുന്നത്. വിദ്യകൊണ്ട് പ്രബുദ്ധരാകുവിന്‍ എന്ന ശ്രീനാരായണഗുരുവിന്റെ സന്ദേശമാണ് സര്‍വ്വകലാശാലയുടെ തുറന്ന സമീപനത്തിന്റെ അടിസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ കെ സോയ യൂനിവേഴ്‌സിറ്റി സിണ്ടിക്കേറ്റംഗം പ്രൊഫ. ഡോ. ജോണ്‍ ജോസഫ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍ ജില്ലാ സാക്ഷരതാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ വി രതീഷ് എന്നിവര്‍ സംസാരിച്ചു. ശ്രീ നാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി അസി.പ്രൊഫസര്‍ ഡോ.റൂബിന്‍ ലൂക്ക് വര്‍ഗീസ് വിജ്ഞാനം അതിരുകളില്ലാതെ ഒരു തുറന്ന സമീപനം എന്ന വിഷയം അവതരിപ്പിച്ചു തലശേരി മേഖലാ ഡയറക്ടര്‍ ഡോ. സുരേഷ് കുമാര്‍ സാഗതവും അസി.പ്രൊഫസര്‍ എന്‍. മുഹമ്മദ് ഫാസില്‍ നന്ദിയും പറഞ്ഞു.

Scroll to Top