ജില്ലാ ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ നിര്‍വഹിച്ചു
ഓണക്കാലത്ത് ജില്ലയിലെത്തുന്ന പാലിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ കാസര്‍കോട് ക്ഷീരവികസന വകുപ്പ് ജില്ലാ ഗുണനിയന്ത്രണ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ആരംഭിച്ചു. സെന്ററിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ മില്‍ക്ക് അനലൈസര്‍ മെഷീന്‍ സ്വിച്ച് ഓണ്‍ ചെയ്ത് നിര്‍വഹിച്ചു. ചടങ്ങില്‍ ക്ഷീരവികസന വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ ഉഷാദേവി അദ്ധ്യക്ഷത വഹിച്ചു. ക്ഷീരവികസന വകുപ്പ് ജില്ലാ ഗുണ നിയന്ത്രണ ഓഫീസര്‍ പി എച്ച് . സിനാജ്ജുദ്ദീന്‍ പാല്‍ പരിശോധനക്കായുള്ള ഇന്‍ഫര്‍മേഷന്‍ സെന്റര്‍ സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിച്ചു.
ഉദ്ഘാടന ചടങ്ങില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ കല്യാണി നായര്‍ സ്വാഗതവും നീലേശ്വരം സീനിയര്‍ ക്ഷീര വികസന ഓഫീസര്‍ സ്മിത മാരാര്‍ നന്ദിയും പറഞ്ഞു.
24 ന് വൈകുന്നേരം 5 വരെ കാസര്‍കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന വകുപ്പിന്റെ ഗുണനിയന്ത്രണ ലാബിലാണ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുക.. പാല്‍ ഉല്‍പാദകര്‍ക്കും ഉപഭോക്താക്കള്‍ക്കും ജില്ലയിലെ പാല്‍ ഉല്‍പാദക സംഘങ്ങള്‍ക്കും സൗജന്യപാല്‍ പരിശോധന നടത്താം .പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതും സുരക്ഷിതവുമല്ലാത്ത പാല്‍ കണ്ടെത്തിയാല്‍ തുടര്‍ നടപടികള്‍ക്കായി ഭക്ഷ്യ സുരക്ഷാ വകുപ്പിനെ അറിയിക്കും.താല്‍പര്യമുള്ളവര്‍ 200 മില്ലി ലിറ്റര്‍ പാലുമായി ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ എത്തിച്ചേരണമെന്ന് ജില്ലാ ഗുണനിയന്ത്രണ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 04994 255390.




