ജില്ലയിലെ മുഴുവന്‍ തദ്ദേശസ്ഥാപനങ്ങളുടെയും പുതുക്കിയ വാര്‍ഷിക പദ്ധതിക്ക് ജില്ലാ ആസൂത്രസമിതി അംഗീകാരം

കാസര്‍കോട് ജില്ലയിലെ മുഴുവന്‍ തദ്ദേശസ്ഥാപനങ്ങളുടെയും സ്പില്‍ ഓവര്‍ കൂട്ടിച്ചേര്‍ത്ത വാര്‍ഷിക പദ്ധതിക്ക് അംഗീകാരം നല്‍കി. ജില്ല ആസൂത്രണ ഹാളില്‍ ആസൂത്രണ സമിതി യോഗമാണ് അംഗീകാരം നല്‍കിയത്. ജില്ലാ ആസൂത്രണ സമിതി ചെയര്‍പേഴ്സനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ സാബു എബ്രഹാം അധ്യക്ഷത വഹിച്ചു. 18 തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഭേദഗതികള്‍ അംഗീകരിച്ചു. പനത്തടി, പടന്ന, മുളിയാര്‍, കുമ്പള,പൈവളിഗെ,വോര്‍ക്കാടി,കാറഡു ക്ക ബളാല്‍ കള്ളാര്‍ പുല്ലൂര്‍ പെരിയ, ചെങ്കള, മധൂര്‍, എന്‍മകജെ, ബദിയടുക്ക എന്നീ ഗ്രാമപഞ്ചായത്തുകളുടെയും നീലേശ്വരം, കാഞ്ഞങ്ങാട് നഗരസഭകളുടെയും പരപ്പ, മഞ്ചേശ്വരം ബ്ലോക്ക്പഞ്ചായത്തുകളുടെയുംവാര്‍ഷിക പദ്ധതി ഭേദഗതിക്കാണ് ഡിപിസി യോഗം അംഗീകാരം നല്‍കിയത്.

കൂടാതെ 13 തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഹെല്‍ത്ത് ഗ്രാന്‍ഡ് പദ്ധതിക്കും യോഗം അംഗീകാരം നല്‍കി. മടിക്കൈ, ബളാല്‍,പള്ളിക്കര കള്ളാര്‍ മുളിയാര്‍, മധൂര്‍, കിനാനൂര്‍ കരിന്തളം, കാറഡുക്ക, ബദിയടുക്ക, കാസര്‍കോട് നഗരസഭ, കാഞ്ഞങ്ങാട് നഗരസഭ, നീലേശ്വരം ബ്ലോക്ക്, കാഞ്ഞങ്ങാട് ബ്ലോക്ക് എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഹെല്‍ത്ത് ഗ്രാന്‍ഡ് പദ്ധതികള്‍ക്കാണ് യോഗം അംഗീകാരം നല്‍കിയത്.

ജില്ലാ ആസൂത്രണ സമിതി നാമനിര്‍ദേശം ചെയ്ത സ്ഥിരം ക്ഷണിതാക്കളെ ഉള്‍പ്പെടുത്തി ജില്ലാതല ജൈവവൈവിധ്യ കോര്‍ഡിനേഷന്‍ കമ്മിറ്റി പുനഃ സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. ത്രിതല പഞ്ചായത്തുകള്‍ ഉള്‍പ്പെടെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ജൈവവൈവിധ്യ പരിപാലനത്തിനുള്ള വിദഗ്ധോപദേശം നല്‍കുന്നതിനായാണ് ജൈവവൈവിധ്യ കോര്‍ഡിനേഷന്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചത്. ജില്ലാ ആസൂത്രണ സമിതി ചെയര്‍പേഴ്സണ്‍ കമ്മറ്റി ചെയര്‍പേഴ്സനായും ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കണ്‍വീനറായും ജില്ലാ കോഡിനേറ്റര്‍ ജോയിന്റ് കണ്‍വീനറായുമായാണ് ജൈവവൈവിധ്യ കോഡിനേഷന്‍ കമ്മറ്റി പുനസംഘടിപ്പിച്ചത്. ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും തെരുവ് നായ്ക്കളെ പാര്‍പ്പിക്കുന്നത് ഷെല്‍ട്ടര്‍ നിര്‍മിക്കണമെന്നും എ.ബി.സി പദ്ധതിക്കായി വകയിരുത്തിയ തുക അടിയന്തിരമായി മൃഗസംരക്ഷണ വകുപ്പിന് കൈമാറണമെന്നും ജില്ലാ ആസൂത്രണ സമിതി നിര്‍ദ്ദേശിച്ചു. ജില്ലാ ആസൂത്രണ സമിതി അധ്യക്ഷന്‍ ബി.എം അനില്‍കുമാര്‍, എല്‍.എസ്.ജി .ഡി ജോയിന്റ് ഡയറക്ടര്‍ കെ.വി ഹരിദാസ്, അസിസ്റ്റന്റ് ജില്ല പ്ലാനിങ് ഓഫീസര്‍ സി.എം സുധീഷ് കുമാര്‍, വിവിധ തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷന്മാരും സെക്രട്ടറിമാരും യോഗത്തില്‍ പങ്കെടുത്തു.

Scroll to Top