ഉപ്പള: മംഗല്‍പാടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിപുലമായ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. നാടിന്റെ ശുചിത്വവും സൗന്ദര്യവും കാത്തുസൂക്ഷിക്കുന്ന ഹരിത കര്‍മ്മ സേനാംഗങ്ങളെ ആദരിച്ചും പ്രത്യേക ഓണസമ്മാനങ്ങള്‍ നല്‍കിയും നടത്തിയ ആഘോഷം ശ്രദ്ധേയമായി.
പഞ്ചായത്ത് പ്രസിഡന്റ് ഗോള്‍ഡന്‍ അബ്ദുല്‍ റഹ്‌മാന്‍ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് ഓണസമ്മാനങ്ങള്‍ വിതരണം ചെയ്തു. മഴയും വെയിലും വകവയ്ക്കാതെ മംഗല്‍പാടി പഞ്ചായത്തിന്റെ ശുചിത്വ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഹരിത കര്‍മ്മ സേനാംഗങ്ങളുടെ സേവനത്തെ ചടങ്ങില്‍ പ്രത്യേകം അഭിനന്ദിച്ചു.
പുതിയ ഭരണസമിതി ചുമതലയേല്‍ക്കുമ്പോള്‍ 50 ശതമാനത്തില്‍ താഴെയായിരുന്ന ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തന പുരോഗതി ഭരണസമിതിയുടെയും ജനങ്ങളുടെയും പിന്തുണയും സേനാംഗങ്ങളുടെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനവും മൂലം 99.9 ശതമാനത്തിലെത്തിയതായി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. മംഗല്‍പാടിയുടെ ശുചിത്വ പ്രവര്‍ത്തനങ്ങളില്‍ കൈവരിച്ച ഈ നേട്ടം മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.
മംഗല്‍പാടി മേഖലയില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ച മുന്‍ എസ്.പി. ടി.പി. രഞ്ജിത്ത് ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തു. ഹരിത കര്‍മ്മ സേനാംഗങ്ങളുടെ സേവനത്തെ അദ്ദേഹം അഭിനന്ദിച്ചു.
ആഘോഷങ്ങളില്‍ എല്ലാവരും പങ്കുചേരുമ്പോഴും നാടിന്റെ ശുചിത്വത്തിനായി വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്ന ഹരിത കര്‍മ്മ സേനാംഗങ്ങളെ പിന്തുണയ്‌ക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ തരംതിരിച്ച് ഹരിത കര്‍മ്മ സേനയ്ക്ക് കൈമാറണമെന്നും പഞ്ചായത്തിന്റെ ശുചിത്വ പ്രവര്‍ത്തനങ്ങളുമായി എല്ലാവരും സഹകരിക്കണമെന്നും അഭ്യര്‍ത്ഥിച്ചു.
പരിപാടിയില്‍ പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മംഗല്‍പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗോള്‍ഡന്‍ അബ്ദുല്‍ റഹ്‌മാന്‍ എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍ നേര്‍ന്നു.




