മഞ്ചേശ്വരം: മംഗല്‍പാടി ഗ്രാമപഞ്ചായത്തിന്റെയും മഞ്ചേശ്വരം ബി.ആര്‍.സിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഭിന്നശേഷി കുട്ടികള്‍ക്കായി സംഘടിപ്പിച്ച ഓണാഘോഷം സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും ആഘോഷമായി. മാവേലി മന്നനെ വരവേറ്റ് കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ആഘോഷത്തില്‍ പങ്കുചേര്‍ന്നു.
ഉപ്പള ഹബ്ബില്‍ നടന്ന പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം മംഗല്‍പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗോള്‍ഡന്‍ അബ്ദുള്‍ റഹ്‌മാന്‍ നിര്‍വഹിച്ചു. മഞ്ചേശ്വരം എ.ഇ.ഒ നാരായണ ഡി. അധ്യക്ഷത വഹിച്ചു.
മഞ്ചേശ്വരം തഹസില്‍ദാര്‍ സുബൈര്‍ എല്‍.കെ., എസ്.എസ്.കെ. ജില്ലാ പ്രോഗ്രാം ഓഫീസര്‍ ചരിഷ്മ സിന, ഡയറ്റ് ഫാക്കല്‍റ്റി ഡോ. സിദ്ധിഖ് അസ്ലം, മുളിഞ്ച സ്‌കൂള്‍ പ്രധാനാധ്യാപിക ചിത്രാവതി, മനോജ്കുമാര്‍ പള്ളിക്കര, ഉപ്പള ഹബ്ബ് ഹോണര്‍ ഫറൂക്ക് ഡിഡുമ്മ, ഇസ്മയില്‍ പി., പ്രവീണ്‍ പൂങ്ങോട്, മുന്‍ എ.ഇ.ഒ ജോര്‍ജ് ക്രാസ്റ്റ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
ഭിന്നശേഷി കുട്ടികളുടെ കലാപരിപാടികള്‍, ഓണപ്പൂക്കളം, അധ്യാപകരുടെ തിരുവാതിര, മാവേലി വരവേല്‍പ്പ്, വിവിധ മത്സരങ്ങള്‍, സമ്മാനവിതരണം, ഓണസദ്യ തുടങ്ങിയവ ആഘോഷത്തിന്റെ ഭാഗമായി നടന്നു. കുട്ടികളുടെ കഴിവുകള്‍ക്ക് വേദിയൊരുക്കുകയും അവരുടെ സന്തോഷത്തില്‍ പങ്കുചേരുകയും ചെയ്ത പരിപാടി എല്ലാവരുടെയും ശ്രദ്ധ നേടി.
മഞ്ചേശ്വരം ബി.പി.സി രാജഗോപാലന്‍ പി. സ്വാഗതവും ട്രെയിനര്‍ പി. സുമയ്യ നന്ദിയും പ്രകാശിപ്പിച്ചു.
മാവേലി മന്നനെ വരവേറ്റ് ഭിന്നശേഷി കുട്ടികള്‍;സ്‌നേഹവും സൗഹൃദവും നിറച്ച് മഞ്ചേശ്വരത്ത് ഓണാഘോഷം




