വമ്പന്‍ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍; സ്ത്രീകള്‍ക്കുള്ള സൗജന്യയാത്ര വിപുലീകരിച്ചു

തമിഴ്‌നാട് വമ്പന്‍പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍. പ്രതിവര്‍ഷം മൂന്ന് ഗ്യാസ് സിലിണ്ടറുകള്‍ സൗജന്യമായി നല്‍കും. സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര പദ്ധതിയായ വെട്രി പയണം വിപുലീകരിച്ചു. തമിഴക വെട്രി കഴകത്തിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങളാണ് ഇന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. രണ്ടര ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള കുടുംബത്തിനാണ് മൂന്ന് സിലിണ്ടറുകള്‍ നല്‍കുക. പദ്ധതി അടുത്ത പൊങ്കല്‍ മുതല്‍ ആരംഭിയ്ക്കും.

സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്രാ പദ്ധതി വിപുലീകരിച്ചു. പ്രത്യേക ബസുകളില്‍ മാത്രമുണ്ടായിരുന്ന സൗജന്യയാത്ര, ഡീലക്‌സ്, എക്‌സ്പ്രസ് ബസുകളിലേയ്ക്ക് കൂടി വ്യാപിപ്പിച്ചു. നഗരപ്രദേശങ്ങളിലാണ് ആദ്യഘട്ടത്തില്‍ സൗജന്യം ലഭിയ്ക്കുക. ഒക്ടോബര്‍ രണ്ടിന് പദ്ധതി ആരംഭിയ്ക്കും.

പരന്തൂരിലെ വിമാനത്താവള പദ്ധതി റദ്ദാക്കിയതായും മുഖ്യമന്ത്രി സി ജോസഫ് വിജയ് അറിയിച്ചു. കര്‍ഷകരുടെ പ്രതിഷേധം കണക്കിലെടുത്താണ് നടപടിയെന്നും കര്‍ഷകര്‍ക്കൊപ്പമാണ് ടിവികെ സര്‍ക്കാരെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പരന്തൂര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് അവസരം നിഷേധിച്ചതിനാല്‍ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. മറ്റ് ചര്‍ച്ചകള്‍ ഉള്ളതിനാല്‍ പിന്നീട് സഭയിലെത്തി.

Scroll to Top