സംഗീതം, മാജിക്, സ്‌നേഹം കൈകോര്‍ത്ത വര്‍ണ്ണപ്പകിട്ടുള്ളൊരു ആഘോഷം
മഞ്ചേശ്വരം ബി.ആര്‍.സി യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലോക ഭിന്നശേഷി ദിനാചരണം ഹൃദ്യം, ആര്‍ദ്രം, സര്‍ഗ്ഗാത്മകം എന്നീ മൂന്നു ത്തലങ്ങളിലുമായി വൈവിധ്യമാര്‍ന്ന പരിപാടികളിലൂടെ ശ്രദ്ധേയമായി.
ലോക ഭിന്നശേഷി ദിനവുമായി ബന്ധപ്പെടുത്തി കഴിഞ്ഞ ഒരാഴ്ച നീണ്ടുനിന്ന ഉപജില്ലാ തല പ്രവര്‍ത്തനങ്ങള്‍ കുട്ടികളെയും രക്ഷിതാക്കളെയും ഒരുപോലെ ആകര്‍ഷിച്ചു. മാജിക് ഷോ, വിളംബര ജാഥ, നാടന്‍പാട്ട്, കളരി തുടങ്ങി കുട്ടികളുടെ കല്പനാശക്തിയും സന്തോഷവും പകര്‍ന്ന് നില്‍ക്കുന്ന നിരവധി പരിപാടികള്‍ ഈ ഘട്ടത്തില്‍ നടന്നു.
ഡിസംബര്‍ 3-നുള്ള മുഖ്യദിനാഘോഷം സമഗ്ര ശിക്ഷാ കാസര്‍ഗോഡ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ ശ്രീ അഗസ്റ്റ്യന്‍ ബര്‍ണാഡ് ഉദ്ഘാടനം ചെയ്തു. രാവിലെ 10 മണിക്ക് നടന്ന ചടങ്ങിന് ബ്ലോക്ക് പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ ശ്രീമതി സുമാദേവി അധ്യക്ഷയായി.
മുഖ്യാതിഥിയായി എത്തിയ മഞ്ചേശ്വരം പോലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് ശ്രീ അജിത്കുമാര്‍, തന്റെ അനുഭവങ്ങള്‍ ഹൃദയസ്പര്‍ശിയായ രീതിയില്‍ പങ്കുവച്ചു. തുടര്‍ന്ന് *ഡോ. ഗീതാഞ്ജലി (മെഡിക്കല്‍ ഓഫീസര്‍, APCH ദേലംപാടി)യും *ശ്രീമതി ചിത്രവതി (HM, GLPS മുളിഞ്ച)യും ആശംസകള്‍ രേഖപ്പെടുത്തി.
പ്രശസ്ത മാജീഷ്യന്‍ ശ്രീ ബാലന്‍ നീലേശ്വരം അവതരിപ്പിച്ച മാജിക് ഷോ കുട്ടികളില്‍ അതിശയത്തിന്റെ നിറങ്ങള്‍ പരത്തി. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ആവശ്യമായ പരിചരണത്തെക്കുറിച്ച് ഡോ. ഗീതാഞ്ജലി പ്രയോജനപ്രദമായ ക്ലാസും അവതരിപ്പിച്ചു.
30-ഓളം കുട്ടികളുടെ കലാപരിപാടികളും അധ്യാപകരുടെ ഗാനതാരംഗിണിയും വേദിയെ ഊഷ്മളമാക്കി. എല്ലാ അവതരണങ്ങളും ചേര്‍ന്ന് ഭിന്നശേഷി ദിനാഘോഷത്തെ തിളക്കമുള്ള ഒരു പൂര്‍ണ്ണാനുഭവമാക്കി മാറ്റി.
പരിപാടിയുടെ അവസാനത്തില്‍ ശ്രീമതി അനിത വേഗസ് നന്ദി രേഖപ്പെടുത്തി.




