വിരമിക്കല്‍ അഭ്യൂഹം തള്ളി മന്ത്രി നിതിന്‍ ഗഡ്കരിയുടെ ഓഫീസ്; ‘അത് രാഷ്ട്രീയ പ്രസ്താവനയല്ല, ദുര്‍വ്യാഖ്യാനം ചെയ്തു’

ദില്ലി: രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ ഓഫീസ്. നാഗ്പൂരിലെ പ്രസംഗം ചില ചാനലുകള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്‌തെന്ന് മന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു. യുവതലമുറ കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും തനിക്ക് ഇനിയും ഒരുപാട് ജോലി ചെയ്യാന്‍ കഴിയില്ലെന്നും നിതിന്‍ ഗഡ്കരി പറഞ്ഞിരുന്നു. ഗഡ്കരി നയിക്കുന്ന ലക്ഷ്മണ്‍റാവു മങ്കര്‍ ട്രസ്റ്റിനെ കുറിച്ച് മാത്രമാണ് സംസാരിച്ചത് എന്നാണ് മന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം. രാഷ്ട്രീയവുമായി ഈ പ്രസംഗത്തിന് ബന്ധമില്ലെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു. മന്ത്രിസഭാ പുനസംഘടനയില്‍ ഗഡ്കരിക്ക് സ്ഥാനമാറ്റം ഉണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പ്രസംഗം വലിയ ചര്‍ച്ചയായത്.

ട്രസ്റ്റിന്റെ ചുമതലകള്‍ പുതിയ തലമുറയ്ക്ക് കൈമാറുന്നതിനെക്കുറിച്ചാണ് മന്ത്രി സംസാരിച്ചതെന്നും എന്നാല്‍ ചില മാധ്യമങ്ങള്‍ ഇതിനെ രാഷ്ട്രീയ പ്രസ്താവനയായി തെറ്റായി ചിത്രീകരിക്കുകയായിരുന്നുവെന്നും ഓഫീസ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഞായറാഴ്ച നാഗ്പൂരില്‍ ട്രസ്റ്റ് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവെയാണ് മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട തന്റെ പൊതുജീവിതത്തെക്കുറിച്ച് നിതിന്‍ ഗഡ്കരി സംസാരിച്ചത്. ഈ കാലയളവില്‍ അനേകം ഉന്നത ചുമതലകള്‍ വഹിക്കുകയും അംഗീകാരങ്ങള്‍ നേടുകയും തിരിച്ചടികള്‍ നേരിടുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതിനാല്‍ ഇനി മുന്‍പത്തെപ്പോലെ കഠിനാധ്വാനം ചെയ്യാന്‍ സാധിക്കില്ലെന്നും പുതിയ തലമുറ മുന്നോട്ടുവരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

പൊതുപ്രവര്‍ത്തനത്തിന്റെ ആദ്യകാലങ്ങളില്‍ ഏത് പ്രതികൂല സാഹചര്യത്തിലും പാര്‍ട്ടിക്ക് വേണ്ടി സമയമൊന്നും നോക്കാതെ അധ്വാനിക്കുകയും യാത്രകളില്‍ ലഭിക്കുന്ന ഭക്ഷണം കഴിച്ച് ലളിതമായി ജീവിക്കുകയും ചെയ്യുന്ന ശീലമാണ് തനിക്കുണ്ടായിരുന്നതെന്ന് അദ്ദേഹം ഓര്‍ത്തെടുത്തു. എന്നാല്‍ കൊവിഡ് കാലഘട്ടത്തിനു ശേഷം തന്റെ ജീവതശൈലിയില്‍ കൃത്യമായ അച്ചടക്കം കൊണ്ടുവരാന്‍ സാധിച്ചതായി ഗഡ്കരി വ്യക്തമാക്കി. നിലവില്‍ താന്‍ പതിവായി യോഗ ചെയ്യാറുണ്ടെന്നും ആരോഗ്യ പരിപാലനത്തിന് വലിയ പ്രാധാന്യം നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊതുരംഗത്തുള്ള എല്ലാവരും സ്വന്തം ആരോഗ്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും അദ്ദേഹം പറയുകയുണ്ടായി.

Scroll to Top