ഇടുക്കിയില്‍ സസ്‌പെന്‍ഷനില്‍ കഴിയുന്ന എസ്‌ഐക്ക് സ്ഥാനക്കയറ്റം: ഗുരുതര വീഴ്ചയില്‍ ജില്ലാ പൊലീസ് മേധാവിയോട് വിശദീകരണം തേടും

ഔദ്യോഗിക വാഹനത്തില്‍ മദ്യപിച്ചതിന് സസ്‌പെന്‍ഷനിലായ ഇടുക്കി കരിമണ്ണൂര്‍ സ്റ്റേഷനിലെ മുന്‍ എസ്.ഐ എന്‍.എസ്. റോയിക്ക് ഇന്‍സ്‌പെക്ടറായി സ്ഥാനക്കയറ്റം ലഭിച്ചു. ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടികളൊന്നും നിലവിലില്ലെന്ന ഇടുക്കി എസ്.പിയുടെ തെറ്റായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രൊമോഷന്‍. ഈ ഗുരുതര വീഴ്ചയില്‍ സംസ്ഥാന പോലീസ് മേധാവി വിശദീകരണം തേടിയിട്ടുണ്ട്.
ഇടുക്കി: ഔദ്യോഗിക വാഹനത്തില്‍ ഇരുന്ന് മദ്യപിച്ച സംഭവത്തില്‍ സസ്‌പെന്‍ഷനില്‍ കഴിയുന്ന പോലീസ് ഉദ്യോഗസ്ഥന് ഇന്‍സ്‌പെക്ടറായി സ്ഥാനക്കയറ്റം നല്‍കിയതില്‍ ഗുരുതര വീഴ്ച. ഇടുക്കി കരിമണ്ണൂര്‍ പോലീസ് സ്റ്റേഷനിലെ മുന്‍ എസ്.ഐ ആയിരുന്ന എന്‍.എസ്. റോയിക്കാണ് നടപടി നേരിടുന്നതിനിടെ സ്ഥാനക്കയറ്റം ലഭിച്ചത്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ പോലീസ് ഉദ്യോഗസ്ഥരുടെ പ്രൊമോഷന്‍ പട്ടികയിലാണ് 43-ാം പേരുകാരനായി റോയി ഇടംപിടിച്ചത്.

ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടികളൊന്നും നിലവിലില്ലെന്ന് ഇടുക്കി ജില്ലാ പോലീസ് മേധാവി (SP) നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷനിലുള്ള ഉദ്യോഗസ്ഥന്‍ സ്ഥാനക്കയറ്റ പട്ടികയില്‍ കടന്നുകൂടിയത്. പോലീസിന് വലിയ നാണക്കേടുണ്ടാക്കിയ ഈ ഗുരുതര വീഴ്ചയില്‍ സംസ്ഥാന പോലീസ് മേധാവി, ഇടുക്കി എസ്.പിയില്‍ നിന്ന് അടിയന്തര വിശദീകരണം തേടും.

Scroll to Top