കഠിനാധ്വാനത്തിന് ശേഷം ലുസെയ്‌നില്‍ സീസണിലെ ഏറ്റവും മികച്ച ദൂരം കണ്ടെത്തിയതോടെ മികച്ച ഫോമിലേക്ക് തിരിച്ചെത്തുകയാണെന്ന് എനിക്ക് തോന്നിയിരുന്നു.
ദില്ലി: ഏഷ്യന്‍ ഗെയിംസ് ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ സ്വര്‍ണ്ണ പ്രതീക്ഷയും ഒളിമ്പിക് മെഡല്‍ ജേതാവുമായ നീരജ് ചോപ്ര ഈ സീസണിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് പിന്മാറി. കണങ്കാലിനേറ്റ പരിക്കിനെത്തുടര്‍ന്നാണ് ജപ്പാനില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസ് ഉള്‍പ്പെടെയുള്ള വരാനിരിക്കുന്ന പ്രധാന ടൂര്‍ണമെന്റുകളില്‍ നിന്നും നീരജ് പിന്മാറുന്നതായി പ്രഖ്യാപിച്ചത്. ലുസെയ്ന്‍ ഡയമണ്ട് ലീഗില്‍ 88.05 മീറ്റര്‍ എറിഞ്ഞ് സീസണിലെ മികച്ച പ്രകടനം പുറത്തെടുത്തതിന് പിന്നാലെയാണ് നീരജിന് പരിക്കേറ്റത്.
തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ നീരജ് തന്നെയാണ് സീസണില്‍ നിന്നും പിന്മാറുന്ന വിവരം കായിക പ്രേമികളെ അറിയിച്ചത്. കഠിനാധ്വാനത്തിന് ശേഷം ലുസെയ്‌നില്‍ സീസണിലെ ഏറ്റവും മികച്ച ദൂരം കണ്ടെത്തിയതോടെ മികച്ച ഫോമിലേക്ക് തിരിച്ചെത്തുകയാണെന്ന് എനിക്ക് തോന്നിയിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍, പരിശീലനത്തിനിടെ ആങ്കിളിലെ ലിഗമെന്റിന് പരിക്കേറ്റു. ഡോക്ടര്‍മാരുമായും ടീം അംഗങ്ങളുമായും സംസാരിച്ച ശേഷമാണ് ഈ സീസണിലെ ബാക്കി മത്സരങ്ങളില്‍ നിന്ന് മാറിനില്‍ക്കാന്‍ തീരുമാനിച്ചത്. താളം കണ്ടെത്തുന്ന സമയത്ത് ഇങ്ങനെയൊരു തിരിച്ചടിയുണ്ടായത് നിരാശാജനകമാണ്. എങ്കിലും തിരിച്ചടികള്‍ കായികജീവിതത്തിന്റെ ഭാഗമാണ്. പൂര്‍ണ്ണ കായികക്ഷമത വീണ്ടെടുത്ത് കൂടുതല്‍ കരുത്തോടെ തിരിച്ചെത്തുകയാണ് ഇനി എന്റെ ലക്ഷ്യം-നീരജ് കുറിച്ചു.




