ഒരു റണ്‍സ് പോലും വഴങ്ങാതെ 3 വിക്കറ്റ്, വനിതാ ടി20 വിക്കറ്റ് വേട്ടയില്‍ ലോക റെക്കോര്‍ഡ് സ്വന്തമാക്കി ദീപ്തി ശര്‍മ

ഇന്ത്യന്‍ ജേഴ്‌സിയില്‍ തന്റെ 150-ാം ടി20 മത്സരം കളിക്കാനിറങ്ങിയ ദീപ്തി, തായ്ലന്‍ഡിനെതിരെ വെറും 1.1 ഓവറില്‍ ഒരു റണ്‍സ് പോലും വിട്ടുനല്‍കാതെ മൂന്ന് വിക്കറ്റുകളാണ് പിഴുതത്.
ദുബായ്: വനിതാ ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തുന്ന ബൗളറെന്ന ലോക റെക്കോര്‍ഡ് ഇനി ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ദീപ്തി ശര്‍മയ്ക്ക്. വനിതാ ഏഷ്യാ കപ്പിലെ ഗ്രൂപ്പ് എ പോരാട്ടത്തില്‍ തായ്ലന്‍ഡിനെതിരെ 3 വിക്കറ്റ് വീഴ്ത്തി150 ടി20 മത്സരങ്ങളില്‍ നിന്ന് 171 വിക്കറ്റുമായാണ് ദീപ്തി ലോക റെക്കോര്‍ഡിട്ടത്. 109 മത്സരങ്ങളില്‍ നിന്ന് 170 വിക്കറ്റുകള്‍ നേടിയിട്ടുള്ള തായ്ലന്‍ഡ് സ്പിന്നര്‍ തിപാച്ച പുത്തവോങ്ങിനെ മറികടന്നാണ് ദീപ്തി വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമതെത്തിയത്.

ഇന്ത്യന്‍ ജേഴ്‌സിയില്‍ തന്റെ 150-ാം ടി20 മത്സരം കളിക്കാനിറങ്ങിയ ദീപ്തി, തായ്ലന്‍ഡിനെതിരെ വെറും 1.1 ഓവറില്‍ ഒരു റണ്‍സ് പോലും വിട്ടുനല്‍കാതെ മൂന്ന് വിക്കറ്റുകളാണ് പിഴുതത്. ദീപ്തിയുടെ ബൗളിങ് മികവില്‍ തായ്ലന്‍ഡിനെ 94 റണ്‍സിന് തകര്‍ത്ത് ഇന്ത്യ വമ്പന്‍ ജയം സ്വന്തമാക്കിയിരുന്നു.

160 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന തായ്ലന്‍ഡ് ഇന്നിങ്‌സിലെ ഒന്‍പതാം ഓവറിലാണ് ദീപ്തി തന്റെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. ഓവറിലെ ആദ്യ പന്തില്‍ തന്നെ നവോമി ഹാമില്‍ട്ടണെ എല്‍.ബി.ഡബ്ല്യുവില്‍ കുരുക്കിയ ദീപ്തി, മൂന്നാം പന്തില്‍ നന്നപത് ചായ്ഹാനെ നന്ദനി ശര്‍മയുടെ കൈകളിലെത്തിച്ചു. തുടര്‍ന്ന് 17-ാം ഓവറിലെ ആദ്യ പന്തില്‍ തായ്ലന്‍ഡിന്റെ ഉയര്‍ന്ന സ്‌കോററായ നന്നപത് കൊഞ്ചാരോയങ്കായിയെ (41) റിച്ചാ ഘോഷിന്റെ കൈകളില്‍ എത്തിച്ചാണ് ദീപ്തി ലോക റെക്കോര്‍ഡ് നേട്ടം പൂര്‍ത്തിയാക്കിയത്. ഇന്ത്യക്കെതിരായ മത്സരത്തില്‍ പുത്തവോങ് 37 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു.

വരാനിരിക്കുന്ന മത്സരങ്ങളില്‍ 2 വിക്കറ്റ് വീഴ്ത്തിയാല്‍ പുത്തവോങ് വീണ്ടും ഒന്നാമതെത്തും. തായ്ലന്‍ഡ് തങ്ങളുടെ അടുത്ത മത്സരത്തില്‍ പാകിസ്ഥാനെ നേരിടുമ്പോള്‍, സെപ്റ്റംബര്‍ മൂന്നിന് ഹോങ്കോങ്ങിനെതിരെയും സെപ്റ്റംബര്‍ അഞ്ചിന് പാകിസ്ഥാനെതിരെയുമാണ് ഇന്ത്യയുടെ ഗ്രൂപ്പ് പോരാട്ടങ്ങള്‍.

Scroll to Top