രാജ്യത്തെ വിവിധ പരീക്ഷാ ക്രമക്കേട് കേസുകളില്‍ സാമ്പത്തിക ഇടപാടുകള്‍ തേടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പേപ്പര്‍ ചോര്‍ച്ചയ്ക്ക് പിന്നിലുള്ള കള്ളപ്പണ ഇടപാടുകളും സാമ്പത്തിക ശൃംഖലയും കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം.
ദില്ലി: നീറ്റ് -യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചയടക്കം രാജ്യത്തെ വിവിധ പരീക്ഷാ ക്രമക്കേട് കേസുകളില്‍ സാമ്പത്തിക ഇടപാടുകള്‍ തേടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഝാര്‍ഖണ്ഡ്, രാജസ്ഥാന്‍, ബിഹാര്‍, അസം, കര്‍ണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ പരീക്ഷാ പേപ്പര്‍ ചോര്‍ച്ച കേസുകളിലാണ് ഇഡി പ്രാഥമിക വിവരശേഖരണം നടത്തുന്നത്. പേപ്പര്‍ ചോര്‍ച്ചയ്ക്ക് പിന്നിലുള്ള കള്ളപ്പണ ഇടപാടുകളും സാമ്പത്തിക ശൃംഖലയും കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം.
വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കുന്ന പരീക്ഷാ ക്രമക്കേടുകള്‍ക്ക് പിന്നിലെ സാമ്പത്തിക താല്‍പര്യങ്ങളിലേക്കാണ് ഇഡി അന്വേഷണം. ചോദ്യപേപ്പര്‍ ചോര്‍ച്ചയിലൂടെ അനധികൃതമായി പണം സമാഹരിച്ചോ വിദ്യാര്‍ത്ഥികളില്‍ നിന്നോ ഇടനിലക്കാരില്‍ നിന്നോ പണം കൈപ്പറ്റിയോ പിന്നീട് ആ പണം വിവിധ മാര്‍ഗങ്ങളിലൂടെ കൈമാറ്റം ചെയ്‌തോ എന്നതിലേക്കാണ് അന്വേഷണം നീളുന്നത്. നീറ്റ് -യുജി പേപ്പര്‍ ചോര്‍ച്ച കേസിലാണ് സിബിഐയില്‍ നിന്ന് വിശദമായ രേഖകള്‍ തേടിയിരിക്കുന്നത്. കേസിന്റെ കുറ്റപത്രം, സാക്ഷിമൊഴികള്‍, തെളിവുകള്‍, മറ്റ് അന്വേഷണ രേഖകള്‍ എന്നിവ ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്.
സാമ്പത്തിക കുറ്റകൃത്യവുമായി ബന്ധപ്പെട്ട് തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് മുന്നോടിയായാണ് രേഖകള്‍ പരിശോധിക്കുന്നത്. കേസിലെ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളും സാമ്പത്തിക ഇടപാടുകളും ഇഡി പരിശോധിക്കുന്നുണ്ട്. പേപ്പര്‍ ചോര്‍ച്ചയിലൂടെ ലഭിച്ച പണം എവിടെ നിന്നെത്തി, ആരിലേക്കാണ് പോയത്, ഇടനിലക്കാര്‍ ആരൊക്കെയാണ്, പണം സ്വീകരിച്ച ഗുണഭോക്താക്കള്‍ ആരാണ് തുടങ്ങിയ വിവരങ്ങളാണ് ഇനി നിര്‍ണായകമാകുക. നീറ്റ് -യുജിയില്‍ മാത്രം അന്വേഷണം ഒതുങ്ങുന്നില്ല. വിവിധ സംസ്ഥാനങ്ങളിലെ ബോര്‍ഡ്, സര്‍വകലാശാല, റിക്രൂട്ട്‌മെന്റ് പരീക്ഷകളുമായി ബന്ധപ്പെട്ട ചോദ്യപേപ്പര്‍ ചോര്‍ച്ച കേസുകളിലും ഇഡി വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ഝാര്‍ഖണ്ഡിലെ ജെ എസ് എസ് സി- സിജിഎല്‍ പരീക്ഷാ ക്രമക്കേട് ഉള്‍പ്പെടെയുള്ള റിക്രൂട്ട്‌മെന്റ് പരീക്ഷാ കേസുകളും അന്വേഷണ പരിധിയിലാണ്. പേപ്പര്‍ ചോര്‍ച്ചയില്‍ നേരിട്ട് പങ്കെടുത്തവരെ കണ്ടെത്തുന്നതിനൊപ്പം, അതിന് പിന്നിലെ സാമ്പത്തിക ശൃംഖല പുറത്തുകൊണ്ടുവരികയാണ് ഇഡിയുടെ ലക്ഷ്യം.




