നേപ്പാളിലെ പ്രളയത്തിനിടയില്‍ ജീവന്‍ കാത്ത് ‘സാരി’; തമിഴ്‌നാട്ടില്‍ നിന്നുള്ള 21 തീര്‍ത്ഥാടകര്‍ക്ക് അത്ഭുത രക്ഷപ്പെടല്‍

പ്രളയ ജലം കുത്തിയൊലിച്ചെത്തിയപ്പോള്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ഒരു സംഘം തീര്‍ത്ഥാടകര്‍ക്കരുടെ ജീവന്‍ രക്ഷിക്കുന്ന കയറായി മാറിയത് സാരി

നേപ്പാള്‍-തിബത്ത് അതിര്‍ത്തിക്കടുത്തുള്ള മലയോര പാതയില്‍ പ്രളയവും കൂറ്റന്‍ പാറക്കെട്ടുകളും കുത്തിയൊലിച്ചെത്തിയപ്പോള്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ഒരു സംഘം തീര്‍ത്ഥാടകര്‍ക്കരുടെ ജീവന്‍ രക്ഷിക്കുന്ന കയറായി മാറിയത് സാരി.കൈലാസ യാത്രയ്ക്കിടെയാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള 21 പേര്‍ പ്രളയത്തില്‍ തകര്‍ന്ന നേപ്പാളിന്റെ ഭീകരാവസ്ഥ നേരില്‍ കണ്ടത്. ചെന്നൈയില്‍ വെള്ളിയാഴ്ച രാത്രി തിരിച്ചെത്തിയ 21 തീര്‍ത്ഥാടകര്‍ ഒന്നര ദിവസത്തോളം രക്ഷാപ്രവര്‍ത്തനം കാത്തിരുന്ന ഞെട്ടിക്കുന്ന അനുഭവമാണ് പങ്കുവെച്ചത്.ചെളി നിറഞ്ഞ കുത്തനെയുള്ള കയറ്റം കയറാന്‍ ചില സ്ത്രീകള്‍ ബുദ്ധിമുട്ടിയപ്പോള്‍, മയിലാടുതുറ സ്വദേശികളായ രത്‌നകുമാറും ഭാര്യ പൂങ്കുഴലിയും ചേര്‍ന്ന് ഒരു സാരി ഉപയോഗിച്ച് അവരെ സുരക്ഷിതരായി രക്ഷപ്പെടുത്തുകയായിരുന്നു.
എന്നാല്‍, ഇവരുടെ കൂടെയുണ്ടായിരുന്ന മറ്റ് മൂന്ന് ബസുകളിലെ യാത്രികരെക്കുറിച്ചും, ചെന്നൈയില്‍ നിന്നുള്ള മറ്റൊരു 49 അംഗ സംഘത്തെക്കുറിച്ചും ശനിയാഴ്ചവരെയും വിവരമൊന്നും ലഭിച്ചിട്ടില്ല. കുംഭകോണത്തുള്ള ഒരു ഏജന്‍സി ഏര്‍പ്പാടുചെയ്ത മൂന്ന് ബസുകളിലായി റസുവയിലൂടെ യാത്ര ചെയ്ത വെളച്ചേരി മുരുഗു നഗര്‍ സ്വദേശികളായ നവു കബീര്‍ദാസും ഭാര്യ വിജയ ഭുവനേശ്വരിയും തങ്ങള്‍ പുനര്‍ജന്മം പ്രാപിച്ചതുപോലെയാണ് തോന്നിയതെന്ന് പറഞ്ഞു.
സംഘത്തിലെ രണ്ടാമത്തെ ബസിലുണ്ടായിരുന്ന ഇവര്‍, ചെളിയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് അറ്റകുറ്റപ്പണികള്‍ക്കായി അല്‍പസമയം നിര്‍ത്തിയിരുന്നു. ആ ഏതാനും മിനിറ്റുകളാണ് തങ്ങളുടെ ജീവന്‍ രക്ഷിച്ചതെന്ന് ഭുവനേശ്വരി പറഞ്ഞു. പെട്ടെന്ന് ബോംബ് പൊട്ടുന്നതുപോലെയുള്ള വലിയ ശബ്ദം കേള്‍ക്കുകയും വാനിലേക്ക് കല്ലുകള്‍ വീഴാന്‍ തുടങ്ങുകയും ചെയ്തുവെന്ന് കബീര്‍ദാസ് പറഞ്ഞു. തുടര്‍ന്ന് ഒരു അണക്കെട്ട് തുറന്നതുപോലെ പ്രളയജലം കുത്തിയൊലിച്ചെത്തുകയായിരുന്നു.

Scroll to Top