റെയില്‍വേ ഡിവിഷന്‍ വിഭജനം പ്രതിഷേധാര്‍ഹം-മൊഗ്രാല്‍ ദേശീയവേദി

മലബാറിന്റെയും, പ്രത്യേകിച്ച് കാസര്‍കോട് ജില്ലയുടെയും വികസനം തടയുന്ന റെയില്‍വേ ഡിവിഷന്‍ വിഭജനം പ്രതിഷേധാര്‍ഹം.
-മൊഗ്രാല്‍ ദേശീയവേദി.

മൊഗ്രാല്‍. പാലക്കാട് ഡിവിഷന്‍ വിഭജിച്ച് പുതിയ മൈസൂര്‍ ഡിവിഷന്‍ രൂപീകരിക്കാനുള്ള റെയില്‍വേ മന്ത്രാലയത്തിന്റെയും, ബോര്‍ഡിന്റെയും തീരുമാനം മലബാറിന്റെയും പ്രത്യേകിച്ച് കാസര്‍ഗോഡ് ജില്ലയുടെയും റെയില്‍വേ വികസനത്തിന് വിഘാതമാവുമെ ന്നതിനാല്‍ തീരുമാനം റെയില്‍വേ ബോര്‍ഡ് പുനഃ പരിശോധിക്കണമെന്ന് മൊഗ്രാല്‍ ദേശീയവേദി ആവശ്യപ്പെട്ടു.

ആയിരം കോടി രൂപ വാര്‍ഷിക വരുമാനം ഉള്ളതാണ് പാലക്കാട് ഡിവിഷന്‍. മലബാറിലെയും കാസര്‍ഗോഡ് ജില്ലയിലെയും റെയില്‍വേ വികസനം ഈ ഭീമമായ വാര്‍ഷിക വരുമാനം ഉള്ളത് കൊണ്ടാണ് നടക്കുന്നത്. പാലക്കാട് ഡിവിഷന്‍ വിഭജിക്കുന്നതോടെ വരുമാനം നിലക്കുകയും, റെയില്‍വേ വികസനം താറുമാറാകുകയും ചെയ്യും.ട്രെയിന്‍ യാത്ര നിലവില്‍ തന്നെ ആവശ്യത്തിനു ട്രെയിനുകളില്ലാതെ ദുരിതമായിട്ടുള്ള മലബാറിന് ഇത് ഇരട്ട പ്രഹരമാവുമെ ന്നും ദേശീയവേദി ഭാരവാഹികള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
റെയില്‍വേ ബോര്‍ഡ് തീരുമാനം 2026 ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് പറയുന്നത്.ഈ നീക്കത്തിനെതിരെ സംസ്ഥാന സര്‍ക്കാറും, എംപിമാരും അടക്കമുള്ള ജനപ്രതിനിധികളും,റെയില്‍വേ യാത്രക്കാരും ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നും മൊഗ്രാല്‍ ദേശീയവേദി ആവശ്യപ്പെട്ടു.

കേരളത്തിന് പ്രത്യേക റെയില്‍വേ സോണ്‍ രൂപീകരിക്കണമെന്നും,പാലക്കാടിന് നഷ്ടപ്പെട്ട മംഗളൂരു ഡിവിഷന് പകരം 37 കിലോമീറ്റര്‍ മാത്രം ദൂര ദൈര്‍ഘ്യമുള്ളതും, 34 ഏക്കറോളം സ്ഥലസൗകര്യം ഉള്ളതുമായ കുമ്പള റെയില്‍വേ സ്റ്റേഷന്‍ ‘ടെര്‍മിനല്‍” സ്റ്റേഷനായി ഉയര്‍ത്തണമെന്നും മൊഗ്രാല്‍ ദേശീയവേദി ഭാരവാഹികളുടെയോഗം ആവശ്യപ്പെട്ടു.ഈ ആവശ്യം ഉന്നയിച്ച് കുമ്പള റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് സെപ്റ്റംബര്‍ രണ്ടാം വാരം സമര പരിപാടി സംഘടിപ്പിക്കാനും തീരുമാനിച്ചു.

യോഗത്തില്‍ പ്രസിഡണ്ട് എ എം സിദ്ധീഖ് റഹ്‌മാന്‍ അധ്യക്ഷത വഹിച്ചു.ഗള്‍ഫ് പ്രതിനിധി എ എം ഷാജഹാന്‍ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് മാരായ വിജയകുമാര്‍,കെ പി മുഹമ്മദ് സ്മാര്‍ട്ട്,ജോ: സെക്രട്ടറിമാരായ മുഹമ്മദ് അഷ്‌റഫ് സാഹിബ്,ബി എ മുഹമ്മദ് കുഞ്ഞി, ഗള്‍ഫ് പ്രതിനിധികളായ എല്‍ ടി മനാഫ്,പി വി അന്‍വര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി പി എം മുഹമ്മദ് കുഞ്ഞി ടൈല്‍സ് സ്വാഗതവും, ട്രഷറര്‍ എം എ അബൂബക്കര്‍ സിദ്ദീഖ് നന്ദിയും പറഞ്ഞു.

ഫോട്ടോ: ഡിവിഷന്‍ വിഭജനത്തോടെ വികസനം പ്രതിസന്ധി നേരിടുന്ന കുമ്പള റെയില്‍വേ സ്റ്റേഷന്‍.

Scroll to Top