മൂവായിരത്തിലധികം ഗാനങ്ങള്‍ക്ക് ഈണമിട്ടു
പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരനും സംഗീത സംവിധായകനും തബലിസ്റ്റുമായ കോഴിക്കോട് അബൂബക്കര്‍ അന്തരിച്ചു. അരീക്കാട് ഉള്ളിശേരിക്കുന്നിലെ വീട്ടില്‍ എന്‍പതാം വയസിലായിരുന്നു അന്ത്യം. ആസ്വാദകര്‍ക്ക് എന്നെന്നും ഓര്‍മ്മിക്കാന്‍ നിത്യഹരിത മാപ്പിളപ്പാട്ടുകള്‍ ബാക്കിയാക്കിയാണ് കോഴിക്കോട് അബൂബക്കറിന്റെ വിടവാങ്ങല്‍. മൂവായിരത്തിലധികം ഗാനങ്ങള്‍ക്ക് ഈണമിട്ടിട്ടുണ്ട്. ഖബറടക്കം ഇന്ന് ഒന്നരയോടെ മാത്തോട്ടം പള്ളിയില്‍ നടക്കും.
യേശുദാസ്, കെ എസ് ചിത്ര എം ജി ശ്രീകുമാര്‍, സുജാത, അഫ്‌സല്‍ തുടങ്ങി പുതുതലമുറ ഗായകര്‍ വരെ അബൂബറിന്റെ പാട്ടുകള്‍ പാടിയിട്ടുണ്ട്. കരയാനും പറയാനും മനം തുറന്നിരിക്കാനും എന്ന് തുടങ്ങുന്ന പ്രശസ്ത ഗാനം അബൂബക്കറിന്റേതാണ്. കണ്ണീരില്‍ മുങ്ങി ഞാന്‍ കൈകള്‍ നീട്ടുന്നു പെരിയോനേ എന്ന ഗാനവും അബൂബക്കറിന്റെ സംഗീത സംവിധാനത്തില്‍ എത്തിയതാണ്. കാസെറ്റ് ആല്‍ബങ്ങളില്‍ തരംഗം സൃഷ്ടിച്ച തരംഗിണിക്ക് വേണ്ടി 40 ഗാനങ്ങള്‍ അദ്ദേഹം ഒരുക്കിയിട്ടുണ്ട്. അതില്‍ നാല്‍പ്പതും പാടിയത് യേശുദാസ് ആയിരുന്നു. ബാബുരാജ്, ദേവരാജന്‍ മാസ്റ്റര്‍, ബോംബെ രവി എന്നിവരുടെ കൂടെ തബലിസ്റ്റായും ജോലി ചെയ്തു.
ചിട്ടപ്പെടുത്തിയ 80 ശതമാനം ഈണങ്ങള്‍ക്കും വരികളെഴുതിയത് ബാപ്പു വെള്ളിപ്പറമ്പ് ആയിരുന്നു. സഹപാഠിയായ മാമൂക്കോയയുമായുള്ള പരിചയമാണ് ആദ്യ കാലത്ത് കോഴിക്കോട് അബൂബക്കറിനെ ബാബുരാജിന്റെ ട്രൂപ്പിലെ തബലക്കാരനാക്കിയത്. രണ്ട് മാസം മുന്‍പ് പക്ഷാഘാതം തളര്‍ത്തുന്നതിന് തൊട്ടുമുന്‍പ് വരെ വീടിന്റെ ഉമ്മറത്തിരുന്ന് വരികള്‍ക്ക് ഈണമിടുക എന്ന ചെയ്യാന്‍ ഏറ്റവും ഇഷ്ടമുള്ള കാര്യം ചെയ്യുകയായിരുന്നു അദ്ദേഹം. കോഴിക്കോട് അബൂബക്കറിന്റെ വിടവാങ്ങലിലൂടെ മാപ്പിളപ്പാട്ടുകളുടെ ഒരു കാലഘട്ടം തന്നെയാണ് ഓര്‍മ്മയാവുന്നത്.




