ഇത് ആത്മാവിനെ വേദനിപ്പിക്കുന്ന തീരുമാനം’; വൈകാരിക വിടവാങ്ങല്‍ കുറിപ്പുമായി ലയണല്‍ മെസി

അര്‍ജന്റൈന്‍ ദേശീയ ടീമില്‍ നിന്ന് പിന്മാറാനുള്ള തീരുമാനം വളരെ വേദനാജനകമാണ്. ഒരുപാട് ആലോചിച്ച ശേഷമാണ് ഞാന്‍ ഈ തീരുമാനത്തിലെത്തിയത്.
ബ്യൂണസ് അയേഴ്‌സ്: അര്‍ജന്റീന ദേശീയ ടീമില്‍ നിന്നുള്ള പിന്മാറ്റം തന്റെ ആത്മാവിനെ വേദനിപ്പിക്കുന്ന തീരുമാനമാണെന്നും, അച്ഛന്റെ വേര്‍പാടിന് ശേഷമാണ് ഈ തീരുമാനം പൂര്‍ണ്ണമായി ഉറപ്പിച്ചതെന്നും അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച അര്‍ജന്റീനയുടെ ഇതിഹാസ നായകന്‍ ലയണല്‍ മെസി. 2026 ലോകകപ്പ് ഫൈനലിന് രണ്ടു ദിവസത്തിന് ശേഷം ജൂലൈ 21നാണ് താന്‍ ഈ കുറിപ്പ് എഴുതി തയ്യാറാക്കിയതെന്ന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ മെസി വ്യക്തമാക്കി എന്നാല്‍ ഓഗസ്റ്റില്‍ പിതാവ് ഹോര്‍ഗെ മെസിയുടെ മരണത്തോടെ തീരുമാനം ഉറപ്പിക്കുകയായിരുന്നു.

മെസ്സിയുടെ വൈകാരികമായ വിടവാങ്ങല്‍ കുറിപ്പ്:
അര്‍ജന്റൈന്‍ ദേശീയ ടീമില്‍ നിന്ന് പിന്മാറാനുള്ള തീരുമാനം വളരെ വേദനാജനകമാണ്. ഒരുപാട് ആലോചിച്ച ശേഷമാണ് ഞാന്‍ ഈ തീരുമാനത്തിലെത്തിയത്. ദേശീയ ടീമിനായി കളിച്ച ഓരോ വര്‍ഷവും ഞാന്‍ എന്റെ പരമാവധി നല്‍കി. അടുത്ത കാലത്ത് ഞങ്ങള്‍ കിരീടങ്ങള്‍ നേടിയ വര്‍ഷങ്ങളില്‍ മാത്രമല്ല, അതിന് മുന്‍പുള്ള കാലത്തും ഞാന്‍ ഈ ജഴ്‌സിക്കായി എല്ലാം സമര്‍പ്പിച്ചു. അര്‍ജന്റീനക്കാരെ സന്തോഷിപ്പിക്കാനും, എന്റെ രാജ്യത്തെ പ്രതിനിധീകരിക്കുന്നതില്‍ അവര്‍ക്ക് അഭിമാനം തോന്നിക്കാനും ഞാന്‍ എല്ലായ്‌പ്പോഴും പോരാടി.

എന്റെ കുടുംബത്തിനും, സഹതാരങ്ങള്‍ക്കും, പരിശീലകര്‍ക്കും, സപ്പോര്‍ട്ട് സ്റ്റാഫിനും, എന്നെ ഇത്രയും വര്‍ഷം പിന്തുണച്ച എല്ലാ അര്‍ജന്റീന ആരാധകര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. ഈ ജഴ്‌സിക്കായി കളിക്കാന്‍ കഴിഞ്ഞത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതികളിലൊന്നാണ്. എന്റെ രാജ്യത്തിനായി കളിച്ച ഓരോ നിമിഷവും ഞാന്‍ ഹൃദയത്തില്‍ സൂക്ഷിക്കും. നന്ദി അര്‍ജന്റീന, നന്ദി ദൈവമേ’, എന്നെ ഒരു അര്‍ജന്റീനക്കാരനാക്കിയതിന്.

നീലപ്പടയിലെ ഇതിഹാസ യാത്ര
2005-ല്‍ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച മെസി രണ്ടു പതിറ്റാണ്ടോളം നീണ്ട സമാനതകളില്ലാത്ത അന്താരാഷ്ട്ര കരിയറിനാണ് വിരാമമിട്ടത്. അര്‍ജന്റീനയ്ക്കായി കളിച്ച 207 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് 125 ഗോളുകള്‍ നേടി ടീമിന്റെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരന്‍ എന്ന റെക്കോര്‍ഡോടെയാണ് താരം പടിയിറങ്ങുന്നത്. കരിയറിന്റെ തുടക്കത്തില്‍ 2008-ലെ ബെയ്ജിംഗ് ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയ മെസി, പിന്നീട് നീണ്ട കാത്തിരിപ്പുകള്‍ക്കൊടുവില്‍ അര്‍ജന്റീനയ്ക്ക് കിരീടമഴ തന്നെ സമ്മാനിച്ചു.

2021-ലും 2024-ലും അര്‍ജന്റീനയെ കോപ്പ അമേരിക്ക ചാമ്പ്യന്മാരാക്കിയ മെസി 2022-ല്‍ ഫൈനലിസിമ കിരീടവും രാജ്യത്തിന് നേടിക്കൊടുത്തു. കരിയറിലെ ഏറ്റവും വലിയ സ്വപ്നമായിരുന്ന ഫിഫ ലോകകപ്പ് കിരീടം 2022-ല്‍ ഖത്തറില്‍ വെച്ച് മുത്തമിട്ടതോടെയാണ് മെസി ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരമെന്ന ഖ്യാതി പൂര്‍ണ്ണമാക്കിയത്. ദേശീയ ടീം ജഴ്‌സി അഴിച്ചുവെച്ചെങ്കിലും താരം അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മയാമിക്ക് വേണ്ടി മെസി കളി തുടരും.

Scroll to Top