മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ ഫുട്ബോള്‍ അത് ലറ്റിക്സ് കായിക പരിശീലകരെ നിയമിക്കും

എം.ആര്‍.എസ് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേര്‍ന്നു

ജില്ലയിലെ പട്ടികവര്‍ഗ്ഗ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളുടെ (മാതൃക സഹവാസ വിദ്യാലയങ്ങള്‍) എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കഴിഞ്ഞ അധ്യയന വര്‍ഷത്തെ പരീക്ഷാഫലങ്ങളും സ്‌കൂളുകളിലെ വരവുചെലവ് കണക്കുകളും വിവിധ യോഗങ്ങളുമായി ബന്ധപ്പെട്ട് ചേര്‍ന്ന നടപടികളും വിലയിരുത്തി. ജില്ലയിലെ വിവിധ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ അത്‌ലറ്റിക്സ്, ഫുട്ബോള്‍ ഇനങ്ങളില്‍ കായിക പരിശീലകരെ നിയമിക്കാന്‍ യോഗം അനുമതി നല്‍കി. എം.ആര്‍.എസിന് കീഴിലുള്ള ജില്ലയിലെ എല്ലാ സ്‌കൂളുകളിലെയും കുട്ടികളെ ഒരു ദിവസത്തേക്ക് വിനോദയാത്രയ്ക്ക് കൊണ്ടുപോകാന്‍ കളക്ടര്‍ നിര്‍ദ്ദേശിച്ചു. കായിക പരിശീലനത്തിനുള്ള സാമഗ്രികള്‍ ബ്രാന്‍ഡഡ് തന്നെ വേണമെന്ന ഉപാധിയോടെ ക്വട്ടേഷന്‍ ക്ഷണിക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശിച്ചു.

ആര്‍ച്ചറി പോലുള്ള കായിക ഇനത്തില്‍ കഴിവുള്ള കുട്ടികളെ കണ്ടെത്തി പരിശീലനം നല്‍കാനും കളക്ടര്‍ നിര്‍ദ്ദേശിച്ചു. കുണ്ടംകുഴി സാവിത്രി ഭായി ഫുലെ സ്‌കൂളിന്റെ പ്രവര്‍ത്തനം സെപ്റ്റംബര്‍ 15നകം പുതിയ കെട്ടിടത്തിലേക്ക് മാറ്റാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. എല്ലാ എം.ആര്‍.എസുകളിലും മെഡിക്കല്‍ ക്യാമ്പുകളില്‍ സംഘടിപ്പിക്കുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. സാവിത്രി ഭായ് ഫുലെ സ്‌കൂള്‍ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ വേഗത്തില്‍ ആക്കാനും കളക്ടര്‍ പി.ഡബ്ല്യു.ഡിക്ക് നിര്‍ദ്ദേശം നല്‍കി. കാസര്‍കോട് ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍ കെ.മധുസൂദനന്‍, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ.മനോഹരന്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ ബി.എം അനില്‍കുമാര്‍, പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പ്, വിദ്യാഭ്യാസ, ആരോഗ്യ, പൊതുമരാമത്ത് വകുപ്പ് പ്രതിനിധികളും എം.ആര്‍.എസ് പി.ടി.എ പ്രതിനിധികളും പങ്കെടുത്തു.

Scroll to Top