കാസറഗോഡ്: സാംക്രമികേതര രോഗങ്ങളുടെ പ്രതിരോധവും നിയന്ത്രണവും ലക്ഷ്യമിട്ട് ഓഗസ്റ്റ് 31 മുതല്‍ സംഘടിപ്പിക്കുന്ന എന്‍ സി ഡി വാരാചരണത്തിന്റെ കാസറഗോഡ് ജില്ലാതല ഉദ്ഘാടനവും പ്രത്യേക സ്‌ക്രീനിംഗ് ക്യാമ്പും കാസറഗോഡ് വനിതാ ഭവന്‍ ഹാളില്‍ വച്ച് സംഘടിപ്പിച്ചു. കാസറഗോഡ് നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷാഹിന സലീം ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ മെഹറുന്നിസ ഹമീദ് അധ്യക്ഷത വഹിച്ചു. കാസറഗോഡ് ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ വി ജിതേഷ്, ജില്ലാ എന്‍ സി ഡി നോഡല്‍ ഓഫീസര്‍ ഡോ അജയ് രാജന്‍, നഗരസഭ സി സി എം മധുസൂദനന്‍ എന്നിവര്‍ ബോധവത്കരണ ക്ലാസുകള്‍ കൈകാര്യം ചെയ്തു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് എ.വി സ്വാഗതവും കൗണ്‍സിലര്‍ ദിവ്യ സന്ദീപ് നന്ദിയും രേഖപ്പെടുത്തി.
ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം, കാസറഗോഡ് ജനറല്‍ ആശുപത്രി, അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ എന്നിവ സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ ഹരിത കര്‍മ്മ സേനാംഗങ്ങള്‍, നഗരസഭ കണ്ടിജന്റ് വര്‍ക്കര്‍മാര്‍, ആശാ പ്രവര്‍ത്തകര്‍, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പരിപാടിയില്‍ പങ്കെടുത്ത 138 ആളുകളില്‍ സ്‌ക്രീനിംഗ് പൂര്‍ത്തിയാക്കുകയും, ഇതില്‍ കൂടുതല്‍ പരിശോധനകള്‍ക്കും ചികിത്സയ്ക്കുമായി 7 പേരെ വിദഗ്ധ പരിശോധനക്കായി റെഫര്‍ ചെയ്യുകയും ചെയ്തു.
സാംക്രമികേതര രോഗങ്ങളായ രക്താതിമര്‍ദ്ദം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ ജനങ്ങളില്‍ ഉണ്ടാക്കുന്ന അകാലമരണവും വൈകല്യങ്ങളും പ്രതിരോധിക്കുന്നതിനായാണ് എന്‍ സി ഡി വാരാചരണം സംഘടിപ്പിക്കുന്നത്. ‘നേതൃത്വം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പ്രതിജ്ഞാബദ്ധതയില്‍ നിന്ന് പ്രാവര്‍ത്തികമാക്കലിലേക്ക്’ എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ പ്രമേയം.
ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട 30 വയസ്സിന് മുകളിലുള്ള എല്ലാ ആളുകളുടെയും രക്താതിമര്‍ദ്ദം, പ്രമേഹം എന്നിവയുടെ സ്‌ക്രീനിംഗ് 2026 സെപ്റ്റംബര്‍ 30-നകം 100% പൂര്‍ത്തീകരിക്കും.




