ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (TRAI) ബെംഗളൂരു റീജിയണല്‍ ഓഫീസ് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ പ്രത്യേക ഉപഭോക്തൃ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. ടെലികോം ഉപഭോക്താക്കളുടെ അവകാശങ്ങള്‍, ഉപഭോക്തൃ ക്ഷേമത്തിനായി ട്രായ് നടപ്പിലാക്കിയ വിവിധ സുരക്ഷാ മുന്‍കരുതലുകള്‍, ഇന്റര്‍നെറ്റിന്റെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെയും സുരക്ഷിതമായ ഉപയോഗം എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. ട്രായ് ബെംഗളൂരു റീജിയണല്‍ ഹെഡും അഡൈ്വസറുമായ എം. രവിശങ്കര്‍ ടെലികോം ഉപഭോക്തൃ സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ക്ലാസ് നയിച്ചു. ഉപഭോക്താക്കള്‍ക്ക് ഏറെ പ്രയോജനപ്രദമായ ട്രായ് ഡി.എന്‍.ഡി (TRAI DND), മൈസ്പീഡ് (MySpeed), മൈ കോള്‍ (My Call) തുടങ്ങിയ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ട്രായ് പുറത്തിറക്കിയിട്ടുണ്ട്. ഈ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ നിര്‍ദ്ദേശിച്ചു.
സൈബര്‍ കുറ്റകൃത്യങ്ങള്‍, ഓണ്‍ലൈന്‍ തട്ടിപ്പുകള്‍, സോഷ്യല്‍ മീഡിയ ദുരുപയോഗം എന്നിവയെക്കുറിച്ചും ഇന്റര്‍നെറ്റിന്റെയും സോഷ്യല്‍ മീഡിയയുടെയും സുരക്ഷിതമായ ഉപയോഗത്തെക്കുറിച്ചും കാസര്‍കോട് കേരള പോലീസ് സൈബര്‍ ഡിവിഷന്‍ സബ് ഇന്‍സ്പെക്ടര്‍ അജിത്ത് ക്ലാസ് എടുത്തു. കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കിഷോര്‍ കുമാര്‍ ചടങ്ങില്‍ സംസാരിച്ചു. കേരള സര്‍ക്കാരിന്റെ കുടുംബശ്രീ വനിതാ ജീവനക്കാര്‍, ടെലികോം സര്‍വീസ് പ്രൊവൈഡര്‍മാരുടെ പ്രതിനിധികള്‍, കണ്‍സ്യൂമര്‍ സര്‍വീസ് ഓര്‍ഗനൈസേഷന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. ട്രായ് റീജിയണല്‍ ഓഫീസ് ജോയിന്റ് അഡൈ്വസര്‍ രാമാനുജം, കണ്‍സള്‍ട്ടന്റ് ആര്‍ മുരളീധര എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.




