നീറ്റ് പരീക്ഷ സിബിടി രീതിയിലേക്ക്: തയ്യാറെടുപ്പുകളുമായി എന്‍ടിഎ, പുതിയ പരീക്ഷാകേന്ദ്രങ്ങള്‍ കണ്ടെത്തും

നീറ്റ് പരീക്ഷകള്‍ (NEET-UG) കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റ് (CBT) രീതിയിലേക്ക് മാറ്റുന്നതിനായി വിപുലമായ തയ്യാറെടുപ്പുകള്‍ ആരംഭിച്ച് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി
ഡല്‍ഹി: നീറ്റ് പരീക്ഷകള്‍ (NEET-UG) കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റ് (CBT) രീതിയിലേക്ക് മാറ്റുന്നതിനായി വിപുലമായ തയ്യാറെടുപ്പുകള്‍ ആരംഭിച്ച് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. ഇതിന്റെ ഭാഗമായി രാജ്യത്തുടനീളം സുരക്ഷിതമായ പരീക്ഷാ കേന്ദ്രങ്ങള്‍ കണ്ടെത്തുന്നതിനായി ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്റെ (AICTE) സഹായം എന്‍ടിഎ തേടി. ചോദ്യപേപ്പര്‍ ചോര്‍ച്ച തടയുന്നതിനും കൂടുതല്‍ സുതാര്യമായി പരീക്ഷകള്‍ നടത്തുന്നതിനുമുള്ള സമഗ്ര പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് നീറ്റ് പരീക്ഷ ഓണ്‍ലൈന്‍/സി.ബി.ടി രീതിയിലേക്ക് മാറ്റുന്നത്.

സര്‍ക്കാരിന് കീഴിലുള്ള എന്‍ജിനീയറിങ് കോളേജുകള്‍, പോളിടെക്‌നിക്കുകള്‍, മറ്റ് സാങ്കേതിക/മാനേജ്മെന്റ് സ്ഥാപനങ്ങള്‍ എന്നിവയിലെ കമ്പ്യൂട്ടര്‍, ഐ.ടി അടിസ്ഥാന സൗകര്യങ്ങളുടെ വിവരങ്ങള്‍ നല്‍കാന്‍ ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ നിര്‍ദേശം നല്‍കി. കമ്പ്യൂട്ടറുകളുടെയും സിസ്റ്റങ്ങളുടെയും എണ്ണം, ഇന്റര്‍നെറ്റ് അധിഷ്ഠിത നെറ്റ്വര്‍ക്കിംഗ് സൗകര്യങ്ങളും വേഗതയും, തടസ്സമില്ലാത്ത വൈദ്യുതി ലഭ്യത (പവര്‍ ബാക്കപ്പ്/യു.പി.എസ് സൗകര്യങ്ങള്‍). സി.സി.ടി.വി (CCTV) നിരീക്ഷണ സംവിധാനങ്ങള്‍. പരീക്ഷാ കേന്ദ്രങ്ങളായി മാറ്റാന്‍ സാധിക്കുന്ന ഒഴിവുള്ള സ്ഥലം എന്നിവ സംബന്ധിച്ചുള്ള വിവരങ്ങളാണ് തേടിയത്.

വിവരങ്ങള്‍ ശേഖരിച്ച് പ്രത്യേക ഫോര്‍മാറ്റില്‍ അതത് സ്ഥാപന മേധാവികള്‍ സാക്ഷ്യപ്പെടുത്തി സെപ്റ്റംബര്‍ 15-നകം സമര്‍പ്പിക്കണം. സ്വകാര്യ സെന്ററുകളെ ആശ്രയിക്കുന്നത് കുറച്ച്, സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ‘സ്റ്റാന്‍ഡേര്‍ഡ് ടെസ്റ്റിംഗ് സെന്ററുകള്‍’ (STC) സ്ഥാപിക്കുക വഴി പരീക്ഷകളുടെ സുരക്ഷയും വിശ്വാസ്യതയും ഉറപ്പാക്കുകയാണ് എന്‍.ടി.എ ലക്ഷ്യമിടുന്നത്.

Scroll to Top