കണ്ണൂര്‍: സയ്യിദ്‌നഗറിലെ ഡ്രൈവിംഗ് സ്‌കൂള്‍ കോമ്പൗണ്ടില്‍ നിന്ന് സ്‌കൂട്ടര്‍ മോഷ്ടിച്ച യുവാവിനെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. നടുവില്‍ പി.എച്ച്.സിക്ക് സമീപത്തെ മര്‍വാനെയാണ് (30) ഇന്ന് പുലര്‍ച്ചെ റെയില്‍വേ പൊലീസിന്റെ സഹായത്തോടെ കോഴിക്കോട് വെച്ച് തളിപ്പറമ്പ എസ്.ഐ ദിനേശന്‍ കൊതേരി, എ.എസ്.ഐ മുഹമ്മദലി എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്. കഴിഞ്ഞ മാസം 17ന് പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം. ഇതിന് ശേഷം ജില്ലയില്‍ 15 ഓളം സ്ഥലങ്ങളിലും ഇയാള്‍ മോഷണം നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. ആലക്കോട് റോഡില്‍ സയ്യിദ് നഗറില്‍ മലബാര്‍ ഡ്രൈവിംഗ് സ്‌കൂളിന് മുന്നില്‍ നിര്‍ത്തിയിട്ട ഡിയോ സ്‌കൂട്ടറാണ് മര്‍വാന്‍ കഴിഞ്ഞ മാസം മോഷ്ടിച്ചത്. കോടതി റോഡില്‍ ജിപ്‌സം വ്യാപാരിയായ മദ്രസക്ക് സമീപത്തെ കെ.പി. മര്‍വാന്റെ വാഹനമാണിത്. പുലര്‍ച്ചെ മൂന്ന് മണിയോടെ ഇവിടെയെത്തിയ യുവാവ് ഡ്രൈവിംഗ് സ്‌കൂളിലെ ഷെഡില്‍ നിന്നാണ് സ്‌കൂട്ടറിന്റെ താക്കോല്‍ കൈക്കലാക്കിയത്. പലപ്പോഴായി ഡ്രൈവിംഗ് സ്‌കൂളില്‍ നിന്ന് കളഞ്ഞുകിട്ടിയ പണവും ഷെഡില്‍ സൂക്ഷിച്ചിരുന്നു. ഇതും മോഷ്ടാവ് കവര്‍ച്ച ചെയ്തിരുന്നു. ഇയാള്‍ മോഷണം നടത്തുന്ന ദൃശ്യം നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞിരുന്നു. ഇത് കേന്ദ്രീകരിച്ച് ഉള്‍പ്പെടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മര്‍വാന്‍ വലയിലായത്. മറ്റൊരു കേസില്‍ ജയിലിലായിരുന്ന മര്‍വാന്‍ മാര്‍ച്ച് ആറിനാണ് ജയിലില്‍ നിന്നിറങ്ങിയത്. ഇതിന് ശേഷമാണ് തളിപ്പറമ്പില്‍ നിന്ന് സ്‌കൂട്ടര്‍ മോഷണം നടത്തിയത്. തളിപ്പറമ്പിലെ കവര്‍ച്ചക്ക് പിന്നാലെ ജില്ലയില്‍ 15 ഓളം സ്ഥലങ്ങളിലും മോഷണം നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കുടിയാന്‍മലയിലെ ഗവ. ആശുപത്രി കാന്റീനില്‍ ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന കവര്‍ച്ച ശ്രമം, കല്യാശേരി സ്‌കൂളില്‍ നിന്ന് 16,000 രൂപ കവര്‍ന്നത് എന്നിവക്ക് പിന്നിലും മര്‍വാനാണ്. ഇത് കൂടാതെ കണ്ണപുരം, കണ്ണൂര്‍ സിറ്റി പൊലീസ് സ്റ്റേഷന്‍ പരിധികളിലും ഇതിന് ശേഷം കവര്‍ച്ച നടത്തിയിട്ടുണ്ട്.
കുപ്രസിദ്ധ ബൈക്ക് മോഷ്ടാവ് അറസ്റ്റില്‍
26