ധനുഷിനൊപ്പം മമ്മൂട്ടി, ഓമിന്റെ നിര്‍ണായക അപ്‌ഡേറ്റ് പുറത്ത്

ധനുഷിന്റെ ഓമിന്റെ റിലീസ് നീട്ടിവെച്ചു.

ധനുഷ്, മമ്മൂട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അമരന്‍ സംവിധായകന്‍ രാജ്കുമാര്‍ പെരിയസാമി ഒരുക്കുന്ന പുതിയ ചിത്രമാണ് ഓം. ഓം ഒക്ടോബര്‍ 16ന് റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ജയിലര്‍ 2വിന്റെ റിലീസ് പ്രമാണിച്ച് രജനികാന്തിനോടുള്ള ആദര സൂചകമായി ഓമിന്റെ റിലീസ് മാറ്റിയിരിക്കുകയാണ്. ജയിലര്‍ 2 ഒക്ടോബര്‍ 15നാണ് തിയറ്ററുകളില്‍ എത്തുക.

മമ്മൂട്ടി ഒരിടവേളയ്ക്ക് ശേഷം അഭിനയിക്കുന്ന തമിഴ് ചിത്രമാണ് ഓം. ധനുഷ് നായകനാവുന്ന ചിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള ഒരു വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ധനുഷിനും മമ്മൂട്ടിയ്പ്പും പുറമെ നസീറുദ്ദീന്‍ ഷായും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 32 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടിയും നസീറുദ്ദീന്‍ ഷായും ഒരുമിച്ച് അഭിനയിക്കുന്നത്. മമ്മൂട്ടി ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച് 1994 ല്‍ എത്തിയ പൊന്തന്‍മാടയില്‍ നസീറുദ്ദീന്‍ ഷായും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. എട്ട് വര്‍ഷത്തിന് ശേഷം മമ്മൂട്ടി തമിഴില്‍ അഭിനയിക്കുന്ന ചിത്രമാണ് ഓം. 2018 ല്‍ റാം ഒരുക്കിയ ‘പേരന്‍പ്’ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി അവസാനമായി തമിഴില്‍ എത്തിയത്.

രണ്ട് ഭാഗങ്ങളിലായാണ് ഓം റിലീസ് ചെയ്യുക. ഓം ചാപ്റ്റര്‍ 1, ഉധിരം: ദി ബ്ലഡ് വുഡ് എന്നാണ് ആദ്യ ഭാഗത്തിന് നല്‍കിയിരിക്കുന്ന പേര്. ധനുഷിന്റെ വണ്ടര്‍ ബാര്‍ ഫിലിംസ്, ആര്‍ ടേക്ക് സ്റ്റുഡിയോസുമായി സഹകരിച്ചാണ് ഈ പാന്‍ ഇന്ത്യന്‍ ചിത്രം നിര്‍മ്മിക്കുന്നത്. സായ് പല്ലവി നായികാ വേഷം ചെയ്യുന്ന ചിത്രത്തില്‍ ശ്രീലീലയും പ്രധാന സ്ത്രീ കഥാപാത്രത്തിന് ജീവന്‍ നല്‍കും. സായ് അഭയങ്കര്‍ ആണ് ചിത്രത്തിന് സംഗീതം പകരുന്നത്. ധനുഷിന്റെ കരിയറിലെ 55-ാം ചിത്രമാണ് ഇത്. ഡി 55 എന്നായിരുന്നു ചിത്രത്തിന്റെ വര്‍ക്കിംഗ് ടൈറ്റില്‍. ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ആണ് പ്രദര്‍ശനത്തിന് എത്തുക. ഒക്ടോബര്‍ 16ന് ആണ് ചിത്രത്തിന്റെ റിലീസ്.

Scroll to Top