സമസ്ത സെന്റിനറിതസ്‌കിയ സമ്മേളനത്തിന് തുടക്കം: കാസര്‍ഗോഡ് ജില്ലാ ഉദ്ഘാടനം പ്രൗഢമായി


പടന്ന : ‘നൂറ് പ്രകാശവര്‍ഷങ്ങള്‍’ എന്ന പ്രമേയത്തില്‍ ജനുവരി 28 മുതല്‍ 31 വരെ മലപ്പുറം വാദി ഹറമൈനില്‍ നടക്കുന്ന സമസ്ത സെന്റിനറി കോണ്‍ഫറന്‍സിന്റെ പ്രചരണാര്‍ത്ഥം നടത്തുന്ന സര്‍ക്കിള്‍തല കുടുംബ സംഗമമായ ‘തസ്‌കിയ സമ്മേളനം’ കാസര്‍കോട് ജില്ലയില്‍ തെക്കേക്കാട് അസാസ് അക്കാദമിയില്‍ നടന്ന പടന്ന സര്‍ക്കിള്‍ സമ്മേളനത്തോടെ തുടക്കമായി.
എസ് വൈ എസ് പടന്ന സര്‍ക്കിള്‍ പ്രസിഡന്റ് എ.ജി. മൊയ്ദു മൗലവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം എസ് വൈ എസ് ജില്ലാ സാന്ത്വനം സെക്രട്ടറി അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍ ഉദ്ഘാടനം ചെയ്തു. അസാസ് മസ്ജിദ് ഇമാം ഇര്‍ഷാദ് വാരിസിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച ചടങ്ങില്‍ കേരള മുസ്ലിം ജമാഅത്ത് സര്‍ക്കിള്‍ സെക്രട്ടറി മുഹമ്മദലി പി.സി. സ്വാഗതം പറഞ്ഞു.
കേരള മുസ്ലിം ജമാഅത്ത് തൃക്കരിപ്പൂര്‍ സോണ്‍ വൈസ് പ്രസിഡന്റ് ഹംസ മിസ്ബാഹി ഓട്ടപ്പടവ് മുഖ്യപ്രഭാഷണം നടത്തി. തസ്‌കിയ സമ്മേളനത്തിന് ശേഷം അസാസ് അക്കാദമി സി.ഇ.ഒ സയ്യിദ് മുജ്തബ ജമലുല്ലൈലി ചേളാരിയുടെ നേതൃത്വത്തില്‍ ആത്മീയ മജ്ലിസും കൂട്ടപ്രാര്‍ത്ഥനയും നടന്നു.
എസ് വൈ എസ് ജില്ലാ ഭാരവാഹികളായ അഹ്‌മദ് ഷെറിന്‍ (സാംസ്‌കാരിക വകുപ്പ്), ശിഹാബ് പാണത്തൂര്‍ (ദഅവ കാര്യം), ഷക്കീര്‍ എം.ടി.പി ( ഓര്‍ഗനൈസേഷന്‍ സെക്രട്ടറി), എസ്.എം.എം ജില്ലാ വൈസ് പ്രസിഡന്റ് എം.ടി.പി. ഇസ്മായില്‍ സഅദി, എസ് വൈ എസ് തൃക്കരിപ്പൂര്‍ സോണ്‍ പ്രസിഡന്റ് ഖിളര്‍ അഹമദ് സഖാഫി, കേരള മുസ്ലിം ജമാഅത്ത് പടന്ന സര്‍ക്കിള്‍ പ്രസിഡന്റ് ഇഖ്ബാല്‍ ഹാജി, എസ് വൈ എസ് പടന്ന സര്‍ക്കിള്‍ ജനറല്‍ സെക്രട്ടറി ഫയാസ് എം.പി സിറാജ് എസ്.എച്ച് തെക്കേക്കാട് എന്നിവര്‍ സംബന്ധിച്ചു. എസ് വൈ എസ് പടന്ന സര്‍ക്കിള്‍ വൈസ് പ്രസിഡന്റ് ജാബിര്‍ മൗലവി നന്ദി പറഞ്ഞു.
ഒക്ടോബര്‍ 30-നകം ജില്ലയിലെ 52 സര്‍ക്കിളുകളിലും തസ്‌കിയ സമ്മേളനങ്ങള്‍ പൂര്‍ത്തിയാകും. കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സമ്മേളന കര്‍മ്മസമിതി (ഇ സി) യുടെ മേല്‍നോട്ടത്തില്‍ എസ് വൈ എസ് സര്‍ക്കിള്‍ ഘടകങ്ങളാണ് പരിപാടികളുടെ സംഘാടന ചുമതല വഹിക്കുന്നത്. സംസ്ഥാന കമ്മിറ്റി പരിശീലനം നല്‍കിയ റിസോഴ്‌സ് ഗ്രൂപ്പ് അംഗങ്ങളാണ് ഓരോ സര്‍ക്കിളിലും പ്രസംഗങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

Scroll to Top