രണ്ട് വലിയ ലക്ഷ്യങ്ങള്‍ ഇനിയും ബാക്കി; വിരമിക്കല്‍ അഭ്യൂഹങ്ങള്‍ തള്ളി കളി തുടരുമെന്ന് വ്യക്തമാക്കി റൊണാള്‍ഡോ

പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് പെഡ്രോ പ്രോയന്‍സ, പുതിയ പരിശീലകന്‍ ജോര്‍ജ്ജ് ജീസസ് എന്നിവരുമായി ചര്‍ച്ച ചെയ്ത ശേഷമാണ് ടീമില്‍ തുടരാന്‍ തീരുമാനിച്ചതെന്ന് റൊണാള്‍ഡോ വ്യക്തമാക്കി.

ലിസ്ബണ്‍: ലോകകപ്പിന് ശേഷം അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നെങ്കിലും പോര്‍ച്ചുഗല്‍ ദേശീയ ടീമിനായി കളി തുടരാന്‍ തീരുമാനിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. കരിയറില്‍ 1,000 ഗോളുകള്‍ തികയ്ക്കുക, യുവേഫ നേഷന്‍സ് ലീഗ് കിരീടം ഒരിക്കല്‍ കൂടി സ്വന്തമാക്കുക എന്നീ രണ്ട് പ്രധാന ലക്ഷ്യങ്ങളാണ് 41-കാരനായ ഈ ഇതിഹാസ താരത്തെ മുന്നോട്ട് നയിക്കുന്നത്.

പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് പെഡ്രോ പ്രോയന്‍സ, പുതിയ പരിശീലകന്‍ ജോര്‍ജ്ജ് ജീസസ് എന്നിവരുമായി ചര്‍ച്ച ചെയ്ത ശേഷമാണ് ടീമില്‍ തുടരാന്‍ തീരുമാനിച്ചതെന്ന് റൊണാള്‍ഡോ വ്യക്തമാക്കി. ലോകകപ്പിന് ശേഷം കളി നിര്‍ത്തുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നുവെന്നും റൊണാള്‍ഡോ പറഞ്ഞു. എന്റെ തീരുമാനങ്ങളെക്കുറിച്ചും ഭാവികളെക്കുറിച്ചും ഞാന്‍ എപ്പോഴും ചിന്തിക്കാറുണ്ട്. ആലോചനകള്‍ക്ക് ശേഷമാണ് ഞാന്‍ ഇവിടെ തുടരാന്‍ തീരുമാനിച്ചത്- റൊണാള്‍ഡോ വ്യക്തമാക്കി.

പോര്‍ച്ചുഗല്‍ ടീമിന് ഇപ്പോഴും തന്റെ സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നതായി റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു. ഗോളുകളിലൂടെ മാത്രമല്ല, കളിക്കളത്തിന് പുറത്തും ടീമിനെ പിന്തുണയ്ക്കാന്‍ തനിക്ക് സാധിക്കുമെന്ന് താരം വ്യക്തമാക്കി. എന്നാല്‍ ടീമിന് താന്‍ ഒരു ഭാരമാണെന്നോ ആവശ്യമില്ലെന്നോ തോന്നുമ്പോള്‍ ആദ്യം പടിയിറങ്ങുന്നത് താനായിരിക്കുമെന്നും റൊണാള്‍ഡോ തുറന്നുപറഞ്ഞു. കരിയറില്‍ 1,000 ഗോളുകള്‍ തികയ്ക്കുക എന്നത് വലിയൊരു നേട്ടമാണെങ്കിലും അത് തനിക്കൊരു ഭ്രാന്തമായ പിടിവാശിയല്ലെന്ന് റൊണാള്‍ഡോ പറഞ്ഞു. നിലവില്‍ 979 ഗോളുകള്‍ നേടിയ താരം, ചരിത്രനേട്ടത്തിലേക്ക് വെറും 21 ഗോളുകള്‍ മാത്രം അകലെയാണ്. ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചാല്‍ അത് കരിയറിലെ ഏറ്റവും മനോഹരമായ നിമിഷമായിരിക്കുമെന്നും റൊണാള്‍ഡോ പറഞ്ഞു.

മുന്‍പ് സൗദി ക്ലബ്ബായ അല്‍-നാസറില്‍ തന്നെ പരിശീലിപ്പിച്ച ജോര്‍ജ്ജ് ജീസസ് പോര്‍ച്ചുഗലിന്റെ പുതിയ പരിശീലകനായി എത്തിയതിനെയും റൊണാള്‍ഡോ പ്രശംസിച്ചു. റോബര്‍ട്ടോ മാര്‍ട്ടിനെസിന് പകരക്കാരനായി എത്തിയ ജീസസിന്റെ ആദ്യ മത്സരം നേഷന്‍സ് ലീഗില്‍ വെയ്ല്‍സിനെതിരെയാണ്. ഈ വര്‍ഷത്തോടെ അന്താരാഷ്ട്ര കരിയറിന് തിരശ്ശീല വീഴാന്‍ സാധ്യതയുണ്ടെന്ന് സൂചിപ്പിച്ച റൊണാള്‍ഡോ, ഓരോ നിമിഷവും ആസ്വദിച്ചാണ് ഇപ്പോള്‍ കളിക്കുന്നതെന്നും വ്യക്തമാക്കി.

Scroll to Top