ആരോപണത്തിന് പിന്നില്‍ തെളിവില്ല, രാഹുല്‍ ഗാന്ധിയുടെ പൗരത്വം ചോദ്യം ചെയ്ത ഹര്‍ജി തള്ളി അലഹബാദ് ഹൈക്കോടതി

രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് പൗരനാണെന്ന് ആരോപിച്ച് സമര്‍പ്പിച്ച ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളി
ലഖ്‌നൗ: രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് പൗരനാണെന്ന് ആരോപിച്ച് സമര്‍പ്പിച്ച ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളി. രാഹുല്‍ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന ആരോപണം സാധൂകരിക്കുന്ന യാതൊരു തെളിവുകളും ഹാജരാക്കാന്‍ ഹര്‍ജിക്കാരന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. ലഖ്‌നൗവിലുള്ള അഭിഭാഷകനായ അശോക് പാണ്ഡെ, രജനീഷ് കുമാര്‍ സിംഗ് എന്നിവര്‍ ചേര്‍ന്ന് സമര്‍പ്പിച്ച റിട്ട് ഹര്‍ജിയാണ് ജസ്റ്റിസ് ശേഖര്‍ ബി. സറാഫ്, ജസ്റ്റിസ് അവധേഷ് കുമാര്‍ ചൗധരി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് തള്ളിയത്. രാഹുല്‍ ഗാന്ധി ഇന്ത്യന്‍ പൗരനല്ലെന്നും അതിനാല്‍ റായ്ബറേലിയില്‍ നിന്നുള്ള എം.പി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും ആരോപിച്ച് ക്വോ വാറന്റോ റിട്ട് പുറപ്പെടുവിക്കണമെന്നാണ് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നത്.

2015-ലും 2019-ലും ഇതേ ഹര്‍ജിക്കാര്‍ സമാന വിഷയം ഉയര്‍ത്തിയിരുന്നതായി കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. 1955-ലെ ഇന്ത്യന്‍ പൗരത്വ നിയമത്തിലെ സെക്ഷന്‍ 9(2) പ്രകാരം പൗരത്വം നഷ്ടപ്പെടുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ കേന്ദ്ര സര്‍ക്കാരിന് മുന്‍പാകെയാണ് സമര്‍പ്പിക്കേണ്ടതെന്ന് 2015-ലെ ഹര്‍ജി തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കിയിരുന്നു. 2003-ല്‍ യുകെയില്‍ ആരംഭിച്ച ‘ബാക്ക്ഓപ്‌സ് ലിമിറ്റഡ്’ (Backops Limited) എന്ന കമ്പനിയുടെ ഡയറക്ടറും ഓഹരി ഉടമയുമായി രാഹുല്‍ ഗാന്ധി സ്വയം ബ്രിട്ടീഷ് പൗരനാണെന്ന് പ്രഖ്യാപിച്ചുവെന്നായിരുന്നു ഹര്‍ജിക്കാരനായ രജനീഷ് കുമാര്‍ സിംഗിന്റെ വാദം. എന്നാല്‍ ഇതിനെ പിന്തുണയ്ക്കുന്ന ബ്രിട്ടീഷ് രജിസ്ട്രാര്‍ ഓഫ് കമ്പനീസ് രേഖകളോ മറ്റ് ഔദ്യോഗിക രേഖകളോ ഹാജരാക്കാന്‍ ഹര്‍ജിക്കാരനായില്ല.

റൗള്‍ വിന്‍ചി എന്നയാളുടെ പഠനവുമായി ബന്ധപ്പെട്ട് കേംബ്രിഡ്ജ് സര്‍വകലാശാലയുടേതെന്ന പേരില്‍ ഹാജരാക്കിയ കത്ത് മാത്രമാണ് ഹര്‍ജിക്കാരന്‍ നല്‍കിയത്. എന്നാല്‍ ഇത് ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കാന്‍ പര്യാപ്തമല്ലെന്ന് കോടതി നിരീക്ഷിച്ചു. തുടര്‍ന്ന് തെളിവുകള്‍ ഹാജരാക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഹര്‍ജി പിന്‍വലിക്കാന്‍ ഹര്‍ജിക്കാരന്‍ അനുമതി തേടുകയും കോടതി അത് അനുവദിക്കുകയുമായിരുന്നു.

Scroll to Top