ഒരു കാരണവുമില്ലാതെയാണ് അവനെ ഒഴിവാക്കിയത്’; ഇന്ത്യന്‍ ടീം സെലക്ഷനെതിരെ വിമര്‍ശനവുമായി വസീം ജാഫര്‍

വ്യക്തമായ കാരണവുമില്ലാതെയാണ് അവനെ ടീമില്‍ നിന്ന് ഒഴിവാക്കിയത്. പരിക്കില്‍ നിന്ന് പ്രമുഖ താരങ്ങള്‍ തിരിച്ചെത്തുമ്പോള്‍ മറ്റുള്ളവര്‍ വഴിമാറേണ്ടി വരുന്നത് മനസിലാക്കാം.
മുംബൈ: അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ടി20 ലോകകപ്പില്‍ കളിച്ച റിങ്കു സിംഗിനെയും കുല്‍ദീപ് യാദവിനെയും ഒഴിവാക്കിയതിനെതിരെ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍. സെപ്റ്റംബര്‍ 13 ഞായറാഴ്ച മുതല്‍ ഡല്‍ഹി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ നിന്ന് ഇരുതാരങ്ങളെയും മാറ്റിനിര്‍ത്തിയത് ന്യായീകരിക്കാന്‍ കഴിയില്ലെന്ന് ജാഫര്‍ തന്റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കി.

ഐപിഎല്ലിലും അടുത്തിടെ നടന്ന യു.പി ടി20 ലീഗിലും ദുലീപ് ട്രോഫിയിലും മികച്ച പ്രകടനമാണ് റിങ്കു സിംഗ് കാഴ്ചവെച്ചതെന്ന് ജാഫര്‍ ചൂണ്ടിക്കാട്ടി. ഐപിഎല്ലില്‍ 59 ശരാശരിയിലും 148.98 സ്‌ട്രൈക്ക് റേറ്റിലും 295 റണ്‍സ് നേടിയ റിങ്കു, യു.പി ടി20 ലീഗില്‍ 219.48 സ്‌ട്രൈക്ക് റേറ്റില്‍ 169 റണ്‍സും ദുലീപ് ട്രോഫിയില്‍ ഒരു അര്‍ധസെഞ്ചുറിയും നേടിയിരുന്നു. റിങ്കു സിംഗിന് ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ കഴിയാതെ പോയത് നിര്‍ഭാഗ്യകരമാണ്. വ്യക്തമായ കാരണവുമില്ലാതെയാണ് അവനെ ടീമില്‍ നിന്ന് ഒഴിവാക്കിയത്. പരിക്കില്‍ നിന്ന് പ്രമുഖ താരങ്ങള്‍ തിരിച്ചെത്തുമ്പോള്‍ മറ്റുള്ളവര്‍ വഴിമാറേണ്ടി വരുന്നത് മനസിലാക്കാം. എന്നാല്‍ റിങ്കു ചെയ്ത തെറ്റന്താണ്?, നിര്‍ണായക പൊസിഷനുകളില്‍ ഇറങ്ങി അവസരം ലഭിച്ചപ്പോഴൊക്കെയും അദ്ദേഹം മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളതെന്നും ജാഫര്‍ പറഞ്ഞു. ഇന്ത്യയ്ക്കായി 35 ടി20 ഇന്നിങ്‌സുകളില്‍ നിന്ന് 36.94 ശരാശരിയിലും 156.34 സ്‌ട്രൈക്ക് റേറ്റിലും 702 റണ്‍സാണ് റിങ്കു നേടിയിട്ടുള്ളത്.

ഇടങ്കയ്യന്‍ റിസ്റ്റ് സ്പിന്നറായ കുല്‍ദീപ് യാദവിനെ ഒഴിവാക്കിയതിലും വസീം ജാഫര്‍ നിരാശ പ്രകടിപ്പിച്ചു. കുല്‍ദീപിന്റെ കാര്യത്തില്‍ ഞാന്‍ മുന്‍പും പലതവണ പറഞ്ഞിട്ടുള്ള കാര്യമാണിത്. യാതൊരു കാരണവുമില്ലാതെയാണ് കുല്‍ദീപ് ടീമിന് പുറത്തായത്. അവന്റെ കാര്യത്തിലും എനിക്ക് വലിയ വിഷമമുണ്ട്- ജാഫര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയ്ക്കായി 54 ടി20 മത്സരങ്ങളില്‍ നിന്ന് 13.74 ശരാശരിയിലും 6.95 ഇക്കോണമിയിലും 95 വിക്കറ്റുകള്‍ കുല്‍ദീപ് നേടിയിട്ടുണ്ട്.

Scroll to Top