കാസര്‍ഗോഡ്: മതപണ്ഡിതന്മാര്‍ വിശ്വാസികള്‍ക്ക് നല്‍കുന്ന ദീനി നിര്‍ദേശങ്ങളും മതവിധികളും പൊതു വേദികളില്‍ ചര്‍ച്ച ചെയ്യുകയോ വിവാദങ്ങള്‍ക്ക് വഴിവെക്കുന്ന തരത്തില്‍ അവതരിപ്പിക്കുകയോ ചെയ്യരുതെന്ന് എസ്.കെ.എസ്.എസ്.എഫ് കാസര്‍ഗോഡ് ജില്ലാ സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിച്ചു.
മതപരമായ വിഷയങ്ങളില്‍ നിലപാട് പറയേണ്ടത് അതത് വിഷയങ്ങളില്‍ അവഗാഹമുള്ള പണ്ഡിതന്മാരാണ്. പണ്ഡിതന്മാര്‍ നല്‍കുന്ന ദീനി നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയോ സ്വീകരിക്കാതിരിക്കുകയോ ചെയ്യുന്നത് വ്യക്തികളുടെ തീരുമാനമാണ്. എന്നാല്‍, ഇത്തരം വിഷയങ്ങളെ രാഷ്ട്രീയമോ പൊതു ചര്‍ച്ചകളോ ആക്കി മാറ്റുന്നത് സമൂഹത്തില്‍ അനാവശ്യ ആശയക്കുഴപ്പത്തിനും ഭിന്നതയ്ക്കും ഇടയാക്കുമെന്നും സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
ദീനി വിഷയങ്ങളില്‍ പണ്ഡിതന്മാരുടെ അഭിപ്രായങ്ങള്‍ക്ക് അര്‍ഹമായ ആദരവ് നല്‍കുകയും മതകാര്യങ്ങളെ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കാതിരിക്കുകയും വേണം. മതപണ്ഡിതന്മാരോടും ദീനി വിഷയങ്ങളോടും സമൂഹം പുലര്‍ത്തേണ്ട മര്യാദയും ഗൗരവവും എല്ലാവരും കാത്തുസൂക്ഷിക്കണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
ജില്ലാ സമ്മേളനം വിജയിപ്പിക്കുന്നതിനായി വിപുലമായ സ്വാഗതസംഘം വിളിച്ചുചേര്‍ക്കും. ഒക്ടോബര്‍ 10ന് നടക്കുന്ന ജില്ലാ സമ്മേളനത്തിന്റെ മുന്നൊരുക്കങ്ങള്‍ യോഗം വിലയിരുത്തി. എസ്.കെ.എസ്.എസ്.എഫ് മദീന പാഷന്‍ പരിപാടി കാഞ്ഞങ്ങാട് പരിധിയില്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
അടുത്തിടെ മരണപ്പെട്ട സമസ്ത പ്രവര്‍ത്തകരായ ഹമീദ് തളങ്കര പടിഞ്ഞാര്‍, ഹാരിസ് മുട്ടുംതല, ആലി ഹാജി മാണിക്കോത്ത് എന്നിവരുടെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തുകയും പ്രത്യേക പ്രാര്‍ത്ഥന നടത്തുകയും ചെയ്തു. സയ്യിദ് ഹംദുല്ലാ തങ്ങള്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി.
ജില്ലാ പ്രസിഡന്റ് സുബൈര്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഫാറൂഖ് ദാരിമി കൊല്ലംപാടി യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര ആമുഖ പ്രഭാഷണം നടത്തി.
മെമ്പര്‍ഷിപ്പ് ക്യാമ്പയിനുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി സിദ്ദീഖ് മാസ്റ്റര്‍ ബെളിഞ്ചം അവതരിപ്പിച്ചു. ജില്ലാ ട്രഷറര്‍ സഈദ് അസ്അദി പുഞ്ചാവി, യൂനുസ് ഫൈസി കാക്കടവ്, അബ്ദുറസാഖ് അസ്ഹരി മഞ്ചേശ്വരം, ഇബ്രാഹിം അസ്ഹരി പള്ളങ്കോട്, ഹാഫിള് റാഷിദ് ഫൈസി ആമത്തല, അന്‍വര്‍ തുപ്പക്കല്‍, ഇല്യാസ് ഹുദവി മുഗു എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.
മതപണ്ഡിതന്മാര്‍ വിശ്വാസികളോട്പറയുന്ന കാര്യങ്ങള്‍ പൊതു വേദികളില്‍ ചര്‍ച്ചക്കിടരുത്:എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടറിയേറ്റ്




