സ്റ്റീല്‍ ബോംബുകളെന്ന് ഫോണ്‍സന്ദേശം; പോലീസിനെ വട്ടംകറക്കി വ്യാജ ബോംബ്

മുഖ്യമന്ത്രിയും മുഴുവന്‍ മന്ത്രിമാരും കോഴിക്കോട്ട് എത്തുന്നതിന്റെ തലേദിവസമായിരുന്നു സംഭവം

കോഴിക്കോട് നഗരത്തില്‍ സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയെന്ന ഫോണ്‍സന്ദേശത്തെ തുടര്‍ന്ന് പോലീസും ബോംബ് സ്‌ക്വാഡും മണിക്കൂറുകളോളം ആശങ്കയില്‍. ഒടുവില്‍ പരിശോധന നടത്തിയപ്പോള്‍ കണ്ടെത്തിയത് ബോംബല്ല, കടപ്പുറത്തെ പൂഴി നിറച്ച വ്യാജ സ്റ്റീല്‍ ബോംബുകള്‍.
മുഖ്യമന്ത്രിയും മുഴുവന്‍ മന്ത്രിമാരും കോഴിക്കോട്ട് എത്തുന്നതിന്റെ തലേദിവസമായിരുന്നു സംഭവം. നടക്കാവിലെ കൊട്ടാരം റോഡില്‍ റോഡരികില്‍ സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയെന്ന വിവരം ലഭിച്ചതോടെ സിറ്റി പോലീസ് ഉടന്‍ സ്ഥലത്തെത്തി. പ്രദേശം പോലീസ് വാഹനങ്ങള്‍ ഉപയോഗിച്ച് വളയുകയും ആളുകളെ മാറ്റിനിര്‍ത്തുകയും ചെയ്തു.
വിവരം നാട്ടില്‍ പടര്‍ന്നതോടെ പ്രദേശവാസികളും ഭീതിയിലായി. തുടര്‍ന്ന് ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും ഉള്‍പ്പെടെയുള്ള പോലീസ് സംഘങ്ങള്‍ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. കോഴിക്കോട് മുന്‍പ് നേരിട്ട ബോംബ് സ്ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ സംഭവത്തെ പോലീസ് അതീവ ഗൗരവത്തോടെയാണ് കണ്ടത്.

Scroll to Top