മൊഗ്രാല്‍: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷണല്‍ പ്ലാനിങ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്റെ (NIEPA) 2023-24 വര്‍ഷത്തെ വിദ്യാഭ്യാസ ഭരണ നിര്‍വഹണത്തിലെ നൂതന ആശയങ്ങള്‍ക്കും, മികച്ച പ്രവര്‍ത്തന രീതികള്‍ക്കുമുള്ള പുരസ്‌കാരം മുന്‍ നിലമ്പൂര്‍ ബിപിസിയും, മൊഗ്രാല്‍ ഗാര്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിഎച്ച്എസ്ഇ വിഭാഗം ധന ശാസ്ത്ര അധ്യാപകനുമായ എം മനോജ് കുമാറിന് ലഭിച്ചു.
രാജ്യത്തെ ജില്ലാ-ബ്ലോക്ക് തല വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് നല്‍കുന്ന വിദ്യാഭ്യാസ ഭരണ നിര്‍വഹണത്തിലെ നൂതന ആശയങ്ങള്‍ക്കും മികച്ച പ്രവര്‍ത്തന രീതികള്‍ക്കുമുള്ള ദേശീയ അവാര്‍ഡാണ് ഇത്. ന്യൂഡല്‍ഹിയില്‍ നീപ ( NIEPA) ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങില്‍ വച്ച് നൂതനാശയ പ്രവര്‍ത്തനങ്ങളുടെ അവതരണവും, അവാര്‍ഡ് ദാനവും നടന്നു.എന്‍സിഇ ആര്‍ടി മുന്‍ ഡയറക്ടര്‍ പത്മശ്രീ പ്രൊഫ: ജെ എസ് രജപുത് അവാര്‍ഡ്ദാനം നിര്‍വഹിച്ചു.നീപ ചാന്‍സലര്‍ പ്രൊഫ:രാമ ശങ്കര്‍ ദുബെ അധ്യക്ഷനായ ചടങ്ങില്‍ വൈസ് ചാന്‍സലര്‍ പ്രൊഫ ശശികല വഞ്ചാരി, പ്രൊഫ വിനീത സിറോഹി,നീപ രജിസ്ട്രാര്‍ സി എസ് സൂര്യ, നാരായണ്‍ മിശ്ര എന്നിവര്‍ സംസാരിച്ചു.
ബുധനാഴ്ച നടന്ന ഉദ്ഘാടന ചടങ്ങില്‍ രാജ്യസഭ എംപി വിനോദ് ശ്രീധര്‍ തവ്‌ഡെ വിശിഷ്ടാതിഥിയായി പങ്കെടുത്തു.
സാമൂഹ്യമായും, സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ സമത്വവും വൈവിധ്യവും പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സ്വീകരിച്ച നൂതന പ്രവര്‍ത്തനങ്ങള്‍ക്കാണ് അംഗീകാരം ലഭിച്ചത്. കോവിഡിന് ശേഷം നിലമ്പൂര്‍ ഉപജില്ലയിലെ ഉള്‍വനങ്ങളില്‍ താമസിക്കുന്ന ചോലനായിക്ക വിഭാഗം കുട്ടികള്‍ ഉള്‍പ്പെടെ അതീവ പിന്തുണ ആവശ്യമുള്ള കുട്ടികളെ വിദ്യാലയങ്ങളിലേക്ക് തിരികെ എത്തിക്കുന്നതിനും,അവരുടെ പഠന തുടര്‍ച്ച ഉറപ്പുവരുത്തുന്നതിനും വേണ്ടി വിവിധ ഏജന്‍സികളുടെ ഏകോപനത്തിലൂടെ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങളാണ് ദേശീയ ശ്രദ്ധ നേടിയത്.മുഴുവന്‍ കുട്ടികളുടെയും സ്‌കൂള്‍ പ്രവേശനവും, തുടര്‍ച്ചയും, സാംസ്‌കാരിക പശ്ചാത്തലം പരിഗണിച്ചുകൊണ്ടുള്ള ബോധന തന്ത്രം, കുട്ടികളുടെ ആത്മവിശ്വാസവും ആത്മാഭിമാനവും വളര്‍ത്തുന്നതിന് വേണ്ടിയുള്ള നടപടികള്‍, അടിസ്ഥാന ശേഷികള്‍ ഉറപ്പുവരുത്തുന്നതിന് വേണ്ടിയുള്ള ഇടപെടലുകള്‍, അടിസ്ഥാന രേഖകള്‍ ഉറപ്പുവരുത്തുന്നതിന് വേണ്ടിയുള്ള ഇടപെടലുകള്‍ എന്നിവയാണ് പരിഗണിച്ചത്.
പൊതുവിദ്യാഭ്യാസ വകുപ്പ്,സമഗ്ര ശിക്ഷാ കേരളം,റവന്യൂ വകുപ്പ്,വനം വകുപ്പ്,പോലീസ്, ജനമൈത്രി എക്‌സൈസ്, ഐടിഡിപി,കേരള മഹിളാസമഖ്യ സൊസൈറ്റി, കീസ്റ്റോണ്‍ ഫൗണ്ടേഷന്‍, കുടുംബശ്രീ നിലമ്പൂര്‍ സ്‌പെഷ്യല്‍ ട്രൈബല്‍ പ്രൊജക്റ്റ്, നിലമ്പൂര്‍ നഗരസഭ, ഉപജില്ലയിലെ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, മലപ്പുറം ഡയറ്റ് ഉള്‍പ്പെടെ വിവിധ ഏജന്‍സികളുടെ ഏകോപനത്തിലൂടെയുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. സമഗ്ര ശിക്ഷാ കേരളം മുന്‍ കണ്‍സള്‍ട്ടന്റ് ഡോ:ടി പി കലാധരന്‍,എസ് എസ് കെ മുന്‍ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍മാരായ സിന്ധു എസ് എസ്, ഷൂജ എസ് വൈ , എസ് എസ് കെ ജില്ലാ പ്രൊജക്റ്റ് കോഡിനേറ്റര്‍ ടി രത്‌നാകരന്‍,ജില്ലാ പ്രോഗ്രാം ഓഫീസര്‍ എം ഡി മഹേഷ്,ഡയറ്റ് ഫാക്കല്‍റ്റിമാരായ ഡോ:ബാബു വര്‍ഗീസ്,നിഷ ഇ കെ,ഐടി ഡിപി പ്രൊജക്റ്റ് ഓഫീസര്‍ ഇസ്മായില്‍, മഹിളാ സമഖ്യ സൊസൈറ്റി ജില്ലാ പ്രോഗ്രാം ഓഫീസര്‍ റജീന എം,ക്ലസ്റ്റര്‍ കോഡിനേറ്റര്‍മാരായ അജിതാമണി, സരിത, കുടുംബശ്രീ നിലമ്പൂര്‍ സ്‌പെഷ്യല്‍ ട്രൈബല്‍ പ്രോജക്ട് കോഡിനേറ്റര്‍ ഷാന്‍ മുഹമ്മദ്, നിലമ്പൂര്‍ എ ഇ ഒ മാരായ പ്രേമാനന്ദ് കെ,ജേക്കബ് സത്യന്‍, വിദ്യാഭ്യാസ പ്രവര്‍ത്തകരായ വിനോദ് ചെല്ലന്‍, മുണ്ടക്കടവ് അംഗനവാടി അധ്യാപിക പിങ്കി, ഉപജില്ലയിലെ അധ്യാപകര്‍, നിലമ്പൂര്‍ ബി ആര്‍ സി ട്രെയിനര്‍ രമ്യ ടി പി,സി ആര്‍ സി കോഡിനേറ്റര്‍മാര്‍, സ്‌പെഷലിസ്റ്റ് അധ്യാപകര്‍, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാര്‍, എം ജി എല്‍ സി അധ്യാപകര്‍ എന്നിവര്‍ വിവിധ ഘട്ടങ്ങളില്‍ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിച്ചു.
കോവിഡിന് ശേഷം സ്‌കൂളുകളിലേക്ക് തിരികെ എത്താതിരുന്ന പുലിമുണ്ട ഉന്നതിയിലെ കുട്ടികളെ തിരികെ എത്തിക്കുന്നതിന് വേണ്ടി നടപ്പിലാക്കിയ എങ്കെ എങ്ക കൂട്ടം പദ്ധതി, ആദിവാസി ഊരുകളില്‍ ഓണ്‍ലൈന്‍ പഠനകേന്ദ്രങ്ങള്‍, കാട്ടാനയുടെ ആക്രമണത്തില്‍ മരണപ്പെട്ട പൂച്ചപ്പാറ മണിയുടെ മകള്‍ക്ക് വേണ്ടി തയ്യാറാക്കിയ പ്രത്യേക പഠന പദ്ധതി തിങ്ക ബാന് ബെള്ളി, പോത്തുകല്ല് പഞ്ചായത്തില്‍ നടപ്പിലാക്കിയ സേവാസ് പദ്ധതി, പ്രളയ കാലത്ത് വാണിയമ്പുഴ ബദല്‍ സ്‌കൂളില്‍ വച്ച് നടപ്പിലാക്കിയ പഠന വീട് പദ്ധതി,ഗോത്ര വിഭാഗം ഭിന്നശേഷി കുട്ടികളുടെ ആകാശയാത്ര ഉയരെ , കല്‍ക്കുളം എം എം എം എല്‍ പി സ്‌കൂളില്‍ നടപ്പിലാക്കിയ . പഠിപ്പുറസി പദ്ധതി എന്നിവ ഉള്‍ക്കൊള്ളുന്ന പ്രവര്‍ത്തന പദ്ധതിയാണ് നടപ്പിലാക്കിയത്. നിലമ്പൂര്‍ ബി ആര്‍ സി യുടെ നേതൃത്വത്തില്‍ ആരംഭിച്ച തിരികെ പദ്ധതി പിന്നീട് സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിച്ചു. മുണ്ടേരി ഗവ ഹൈസ്‌കൂളിലെ അധ്യാപകര്‍, ഞെട്ടിക്കുളം എ യു പി സ്‌കൂള്‍ മാനേജ്‌മെന്റ്, അധ്യാപകര്‍, നിലമ്പൂര്‍ ഐ ജി എം എം ആര്‍ സ്‌കൂള്‍ അധ്യാപകര്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചു.
നിലവില്‍ കാസര്‍ഗോഡ് മൊഗ്രാല്‍ ഗവ വി എച്ച് എസ് സ്‌കൂളില്‍ ധനശാസ്ത്ര അധ്യാപകനാണ് എം മനോജ് കുമാര്‍.മുരിയന്‍ കണ്ടത്തില്‍ ഗോപാലന്റെയും, മീനാക്ഷിയുടെയും മകനാണ്.ഭാര്യ: രജീഷ് കല.മക്കള്‍: അക്ഷയ് എം കുമാര്‍,ആകാശ് എം കുമാര്‍.
ഫോട്ടോ:എം മനോജ് കുമാര്‍ ഡല്‍ഹിയില്‍ വെച്ച് നടന്ന ചടങ്ങില്‍ അവാര്‍ഡ് ഏറ്റുവാങ്ങുന്നു.




