അര്‍ജന്റീനയെ തോല്‍പിച്ച് ലോകകപ്പ് സ്പാനിഷ് ടീമില്‍ പെഡ്രോ പോറോയുടെ ബാക്കപ്പ് റൈറ്റ് ബാക്കായാണ് ല്ലോറന്റെ കളത്തിലെത്തിയത്.
മാഡ്രിഡ്: ലോകകപ്പ് നേട്ടത്തിന് ആഴ്ചകള്‍ക്ക് ശേഷം അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് സ്പാനിഷ് മധ്യനിര താരം മാര്‍ക്കോസ് ല്ലോറന്റെ. 31-ാം വയസില്‍ അപ്രതീക്ഷിതമായാണ് അത്ലറ്റിക്കോ മാഡ്രിഡ് താരം അന്താരാഷ്ട്ര കരിയറിന് തിരശ്ശീലയിട്ടത്. സമൂഹമാധ്യമത്തിലൂടെയായിരുന്നു ല്ലോറന്റെയുടെ വിരമിക്കല്‍ പ്രഖ്യാപനം.
വളരെ നാളത്തെ ആലോചനക്ക് ശേഷമാണ് ദേശീയ ടീമിലെ തന്റെ റോള്‍ അവസാനിപ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചതെന്ന് ല്ലോറന്റെ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. ഞാന്‍ ഇപ്പോഴും ചെറുപ്പമാണെന്നും പ്രകടനം തുടര്‍ന്നിരുന്നെങ്കില്‍ ഈ ജേഴ്‌സിയില്‍ ഇനിയും വര്‍ഷങ്ങള്‍ കളിക്കാമായിരുന്നു എന്നും എനിക്കറിയാം. പലര്‍ക്കും ഈ തീരുമാനം മനസിലായേക്കില്ല, പുറത്തുനിന്ന് നോക്കുന്ന ഒരാളായിരുന്നു എങ്കില്‍ ഒരുപക്ഷേ എനിക്കും ഇത് മനസിലാകുമായിരുന്നില്ല. എന്നാല്‍ ഇത് വളരെ ആലോചിച്ച് ഹൃദയത്തില്‍ നിന്ന് എടുത്ത തികച്ചും വ്യക്തിപരമായ തീരുമാനമാണ്. ലോകകപ്പില്‍ കളിച്ചാലും ഇല്ലെങ്കിലും, നമ്മള്‍ കിരീടം നേടിയാലും ഇല്ലെങ്കിലും താന്‍ ഈ തീരുമാനം നേരത്തെ തന്നെ എടുത്തിരുന്നു-ല്ലോറന്റെ വ്യക്തമാക്കി.
അര്‍ജന്റീനയെ തോല്‍പിച്ച് ലോകകപ്പ് സ്പാനിഷ് ടീമില്‍ പെഡ്രോ പോറോയുടെ ബാക്കപ്പ് റൈറ്റ് ബാക്കായാണ് ല്ലോറന്റെ കളത്തിലെത്തിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ട് മത്സരങ്ങളില്‍ ആദ്യ ഇലവനില്‍ ഇറങ്ങിയ താരം, ഫ്രാന്‍സിനെതിരായ സെമിഫൈനലില്‍ പകരക്കാരനായി 6 മിനിറ്റും കളിച്ചു. ലോകകപ്പ് ഓര്‍മ്മകളെക്കുറിച്ചും താരം വൈകാരികമായി മനസുതുറന്നു. എനിക്ക് ലഭിച്ച എല്ലാ അനുഭവങ്ങളും ഞാന്‍ കാത്തുസൂക്ഷിക്കും, പ്രത്യേകിച്ച് ഈ അവസാന 52 ദിവസങ്ങള്‍. സ്‌പെയിനിനെ ലോകത്തിന്റെ നെറുകയില്‍ എത്തിക്കാന്‍ അവസാന നിമിഷം വരെ പോരാടിയ ഒരു മികച്ച ടീമായിരുന്നു അതെന്ന് ല്ലോറന്റെ പറഞ്ഞു.
2020 നവംബറിലാണ് ല്ലോറന്റെ സ്‌പെയിന്‍ സീനിയര്‍ ടീമിനായി അരങ്ങേറിയത്. ആകെ 27 മത്സരങ്ങളില്‍ സ്പാനിഷ് ജേഴ്‌സിയണിഞ്ഞു. റയല്‍ മാഡ്രിഡ് അക്കാദമിയിലൂടെ വളര്‍ന്ന ല്ലോറന്റെ 2019-ലാണ് അത്ലറ്റിക്കോ മാഡ്രിഡിലേക്ക് ചേക്കേറിയത്. ക്ലബ്ബ് തലത്തില്‍ രണ്ട് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും ഒരു ലാ ലിഗ കിരീടവും ല്ലോറന്റെ നേടിയിട്ടുണ്ട്. ഇനി അത്ലറ്റിക്കോ മാഡ്രിഡിനായി ക്ലബ്ബ് ഫുട്‌ബോളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ല്ലോറന്റെയുടെ തീരുമാനം.




