‘പാകിസ്താന്‍ ‘ഓപ്പറേഷന്‍ ‘ബുന്യാന്‍-ഉല്‍-മര്‍സൂസ്’ ആരംഭിച്ചിരിക്കുന്നു’ എന്ന് റേഡിയോ പാകിസ്താന്‍ റിപ്പോര്‍ട്ട് ചെയ്തു എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്
ന്യൂഡല്‍ഹി: ഇന്ത്യയിലേയ്ക്ക് ഡ്രോണുകളും മിസൈലുകളും അയച്ചുള്ള ആക്രമണത്തിന് പാകിസ്താന്‍ ഓപ്പറേഷന്‍ ”ബുന്യാന്‍-ഉല്‍-മര്‍സൂസ്’ എന്നാണ് പേര് നല്‍കിയിരിക്കുന്നതെന്ന് പാകിസ്താന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ‘പാകിസ്താന്‍ ഓപ്പറേഷന്‍ ‘ബുന്യാന്‍-ഉല്‍-മര്‍സൂസ്” ആരംഭിച്ചിരിക്കുന്നു’ എന്ന് റേഡിയോ പാകിസ്താന്‍ റിപ്പോര്‍ട്ട് ചെയ്തു എന്നാണ് ഇന്‍ഡ്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ശനിയാഴ്ച പുലര്‍ച്ചെ പാകിസ്താന്‍ ഇന്ത്യയിലേക്ക് ഡ്രോണുകളും മിസൈലുകളും തൊടുത്ത് വിട്ടിരുന്നു. ഫാത്തേ 1 മിസൈലുകളും ആക്രമണത്തിനായി പാകിസ്താന്‍ ഉപയോ?ഗിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പാകിസ്താന്റെ മിസൈല്‍ ശേഖരത്തിലെ പ്രധാനപ്പെട്ട ബാലസ്റ്റിക് മിസൈലുകളില്‍ ഒന്നാണ് ഫത്താ-1. എന്നാല്‍ ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനത്തെ മറികടക്കാന്‍ ഫത്താ-1ന് സാധിച്ചില്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇന്ത്യ-പാക് സംഘര്‍ഷം തുടരുന്നതിനിടെ രാജ്യത്തെ 32 വിമാനത്താവളങ്ങള്‍ അടച്ചു
ഇന്ത്യയ്‌ക്കെതിരായ ആക്രമണത്തിന് പാകിസ്താന്‍ നല്‍കിയിരിക്കുന്ന ഓപ്പറേഷന്‍ ‘ബുന്യാന്‍-ഉല്‍-മര്‍സൂസ്’ അല്ലെങ്കില്‍ ‘ബുന്യാന്‍-അല്‍-മര്‍സൂസ്’ എന്നതിന്റെ അര്‍ത്ഥം ‘ഈയത്തിന്റെ ഉറച്ച മതില്‍’ എന്നാണ്. ഖുര്‍ആനിലെ ഒരു വാക്യമാണ് ‘ബുന്യാന്‍-ഉല്‍-മര്‍സൂസ്’എന്നാണ് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്. ‘ബുന്യാന്‍ മര്‍സൂസ് എന്നത് ഒരു അറബി പദമാണ് എന്നാണ് അല്‍ ജസീറ പറയുന്നത്.
ഏപ്രില്‍ 22-ന് പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ അടക്കം 26 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ പാക് അധിനിവേശ കശ്മീരിലെയും പാകിസ്ഥാനിലേയും ഭീകരസംഘടനകളുടെ കേന്ദ്രങ്ങള്‍ ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി ആക്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയിലെ സൈനിക കേന്ദ്രങ്ങളും ജനവാസ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് പാകിസ്താന്‍ വ്യാപകമായ ഡ്രോണ്‍, ഷെല്‍, മിസൈല്‍ ആക്രമണങ്ങള്‍ ആരംഭിച്ചത്. 1971ലെ യുദ്ധത്തിനുശേഷം ആദ്യമായിട്ടായിരുന്നു പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ ഒരു കേന്ദ്രത്തില്‍ ഇന്ത്യ ആക്രമണം നടത്തുന്നത്. അതിര്‍ത്തിയില്‍ നിന്ന് 100 കിലോമീറ്ററിലധികം ദൂരെയുള്ള പഞ്ചാബ് പ്രവിശ്യയിലെ ഭീകരക്യാമ്പുകള്‍ ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാ?ഗമായി ആക്രമിച്ചിരുന്നു.
ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെയാണ് ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ഇന്ത്യയിലെ ഗുരുദ്വാരകള്‍, കോണ്‍വെന്റുകള്‍, ക്ഷേത്രങ്ങള്‍ ഉള്‍പ്പെടെയുള്ള ജനവാസ മേഖലകളും സൈനിക കേന്ദ്രങ്ങളും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ പാകിസ്താന്‍ ആരംഭിച്ചത്. ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാകിസ്താനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകര ക്യാമ്പുകള്‍ മാത്രമായിരുന്നു ഇന്ത്യ ലക്ഷ്യമിട്ടിരുന്നത്. ഇന്ത്യയുടെ ആക്രമണത്തില്‍ ഒരു സാധാരണക്കാരന് പോലും ജീവഹാനി സംഭവിച്ചിരുന്നില്ല. എന്നാല്‍ പാകിസ്താന്റെ ആക്രമണങ്ങള്‍ ഇന്ത്യയിലെ ജനവാസ മേഖലയെയാണ് നിരന്തരം ലക്ഷ്യം വെയ്ക്കുന്നത്. ഈ സാഹചര്യത്തിലാണ് ഓപ്പറേഷന്‍’ബുന്യാന്‍-ഉല്‍-മര്‍സൂസ്’ എന്ന് പേരിട്ടാണ് പാകിസ്താന്‍ ആക്രമണം നടത്തുന്നതെന്ന് പാകിസ്താന്‍ മാധ്യമങ്ങള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്.