രണ്ടാം ഏകദിനത്തിലും നാണംകെട്ട് ഇന്ത്യ എ; ഓസ്‌ട്രേലിയക്കെതിരെ കൂറ്റന്‍ തോല്‍വി; പരമ്പര നഷ്ടം
പുതുച്ചേരി: ഓസ്‌ട്രേലിയ എയ്ക്കെതിരായ രണ്ടാം അനൗദ്യോഗിക ഏകദിന മത്സരത്തില്‍ ഇന്ത്യ എയ്ക്ക് 69 റണ്‍സിന്റെ തോല്‍വി. പുതുച്ചേരിയില്‍ നടന്ന മത്സരത്തിലെ ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-0ത്തിന് ഓസ്‌ട്രേലിയ സ്വന്തമാക്കി. ഓസീസ് ഉയര്‍ത്തിയ 276 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ എ 45.2 ഓവറില്‍ 206 റണ്‍സിന് ഓള്‍ഔട്ടായി.
ജോഷ് ഫിലിപ്പ് (58), സാം കോണ്‍സ്റ്റാസ് (67) എന്നിവരുടെ വെടിക്കെട്ട് അര്‍ധസെഞ്ചുറികളുടെ കരുത്തിലാണ് ഓസ്‌ട്രേലിയ എ 49.5 ഓവറില്‍ 275 റണ്‍സെടുത്തത്. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്ത 101 റണ്‍സാണ് ഓസീസ് ഇന്നിംഗ്‌സിന് അടിത്തറയിട്ടത്. ഇന്ത്യക്ക് വേണ്ടി അര്‍ഷാദ് ഖാന്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ എയ്ക്ക് സീനിയര്‍ താരങ്ങളുടെ മോശം പ്രകടനം തിരിച്ചടിയായി. ദേവ്ദത്ത് പടിക്കല്‍ (1), നായകന്‍ റുതുരാജ് ഗെയ്ക്വാദ് (12), സായ് സുദര്‍ശന്‍ (13) എന്നിവര്‍ തുടക്കത്തിലേ പുറത്തായതോടെ ഇന്ത്യ 30 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലേക്ക് വീണു.
രജത് പാട്ടിദാര്‍ (81പന്തില്‍ 67) നടത്തിയ ഒറ്റയാള്‍ പോരാട്ടത്തിന് പിന്തുണ നല്‍കാന്‍ മറ്റ് ബാറ്റര്‍മാര്‍ ഉണ്ടായിരുന്നില്ല. രജത് പാട്ടിദാറും നിഷാന്ത് സിന്ധുവും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ നേടിയ 51 റണ്‍സാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിലെ ഉയര്‍ന്ന കൂട്ടുകെട്ട്. വാലറ്റത്ത് വിപ്രജ് നിഗമുും(16 പന്തില്‍ 23), അനുകൂല്‍ റോയിയും(34) നടത്തിയ ചെറുത്തുനില്‍പാണ് ഇന്ത്യയുടെ തോല്‍വിഭാരം കുറച്ചത്. ഓസ്‌ട്രേലിയക്ക് വേണ്ടി സ്‌പെന്‍സര്‍ ജോണ്‍സണ്‍ 35 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. പരമ്പരയിലെ അവസാന മത്സരം ഞായറാഴ്ച പുതുച്ചേരിയില്‍ നടക്കും
