220 സീറ്റുകളുമായി പുതിയ കോച്ച്, സീറ്റുകള്‍ക്കിടയില്‍ കൂടുതല്‍ അകലവും അധിക വാതിലുകളും; വേണാട് എക്‌സ്പ്രസില്‍ കോച്ചുകളില്‍ മാറ്റം വരുത്തി റെയില്‍വേ
തിരുവനന്തപുരം: വേണാട് എക്‌സ്പ്രസില്‍ കോച്ചുകളില്‍ മാറ്റം വരുത്തി റെയില്‍വേ. ആദ്യഘട്ടത്തില്‍ മാറ്റിയത് 10 കോച്ചുകള്‍. പഴയ കോച്ചുകളില്‍ ഇരുന്ന് സഞ്ചരിക്കാന്‍ ആവുക 108 പേര്‍ക്ക് എങ്കില്‍ പുതിയ കോച്ചില്‍ ഇരുന്ന് 220 പേര്‍ക്ക് ഇരുന്ന് സഞ്ചരിക്കാം. സീറ്റുകള്‍ക്കിടയില്‍ കൂടുതല്‍ അകലവും അധിക വാതിലുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നലെ മുതല്‍ പുതിയ കോച്ചുകള്‍ സര്‍വീസ് ആരംഭിച്ചു. ശേഷിക്കുന്ന ആറ് അണ്‍റിസര്‍വ്ഡ് കോച്ചുകള്‍ കൂടി മാറ്റും. യാത്രാസൗകര്യവും സുരക്ഷയും മെച്ചപ്പെടുത്തുക ലക്ഷ്യം എന്ന് റെയില്‍വേ അറിയിച്ചു.
ജനശതാബ്ദി ട്രെയിനില്‍ പുഷ്ബാക് സീറ്റുള്ള കോച്ചുകള്‍ അടുത്തയാഴ്ച ഉള്‍പ്പെടുത്തും. 16 കോച്ചുകളാണ് കൊച്ചുവേളിയില്‍ എത്തിച്ചിരിക്കുന്നത്. പുതിയ കോച്ചുകള്‍ തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദിക്ക് നല്‍കാന്‍ ആലോചിച്ചിരുന്നെങ്കിലും ദൂരക്കൂടുതല്‍ കണക്കിലെടുത്തു തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദിക്ക് ഇവ ആദ്യം നല്‍കുന്നതു പരിഗണിക്കുന്നുണ്ട്.
ജനശതാബ്ദിയിലെ സെക്കന്‍ഡ് സിറ്റിങ് കോച്ചുകളിലെ ചരിവില്ലാത്ത സീറ്റുകള്‍ സംബന്ധിച്ചു വ്യാപകപരാതി ഉയര്‍ന്നതോടെയാണ് പുതിയ കോച്ചുകള്‍ കപൂര്‍ത്തല കോച്ച് ഫാക്ടറിയില്‍ നിന്നു ലഭ്യമാക്കാന്‍ റെയില്‍വേ ബോര്‍ഡ് നിര്‍ദേശംനല്‍കിയത്.എറണാകുളം-ബെംഗളൂരു ഇന്റര്‍സിറ്റി ട്രെയിനിലെയും സീറ്റുകള്‍ മാറ്റണമെന്ന ആവശ്യം ശക്തമാണ്. ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ പുഷ്ബാക് സീറ്റുകളുടെ ഉല്‍പാദനം പുനരാരംഭിക്കാന്‍ റെയില്‍വേ ബോര്‍ഡ് നിര്‍ദേശംനല്‍കിയാല്‍ മാത്രമേ പ്രശ്‌നത്തിന് ശാശ്വതപരിഹാരമാകൂ.
