Advertisement

ആസൂത്രണ ബോര്‍ഡിലേക്കുള്ള വിവാദ പിഎസ്സി പരീക്ഷ: പുതുക്കിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; പരാതിക്കാരനായ ശ്യാം കൃഷ്ണന്‍ ഒന്നാമത്

By kcnchannel / October 9, 2026

തിരുവനന്തപുരം: ആസൂത്രണബോര്‍ഡിലേക്കുള്ള വിവാദമായ പിഎസ്സി പരീക്ഷയുടെ പുതുക്കിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പരാതിക്കാരനായ ശ്യാം കൃഷ്ണന്‍ പുതിയ റാങ്ക് പട്ടികയില്‍ ഒന്നാമതെത്തി. മുമ്പ് ഒന്നാമതായിരുന്ന അരുണ്‍ ജെ പ്രതാപന്‍ പുതുക്കിയ റാങ്ക് പട്ടികയില്‍ അഞ്ചാം സ്ഥാനത്തുമാണ്. ചീഫ് പ്ലാനിങ് കോര്‍ഡിനേഷന്‍ തസ്തികയിലേക്കുള്ള പുതുക്കിയ പട്ടിക പിഎസ്സി പ്രസിദ്ധീകരിച്ചപ്പോള്‍ നേരത്തെ ഒന്നാം റാങ്ക് നേടിയ സജിമോന്‍ അതേ സ്ഥാനം നിലനിര്‍ത്തുകയായിരുന്നു.

ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചറുമായി ബന്ധപ്പെട്ട തസ്തികയിലാണ് ശ്യാം കൃഷ്ണന്‍ ഒന്നാമത് വന്നത്. ഈ തസ്തികയുടെ പേരിലാണ് മുമ്പ് കൂടുതല്‍ വിവാദങ്ങള്‍ ഉയര്‍ന്നുവന്നത്. അരുണ്‍ ജെ പ്രതാപനായിരുന്നു മുമ്പ് ഒന്നാം റാങ്ക്. സിപിഐഎം അനുകൂലിയായ ഇദ്ദേഹം എഴുതാത്ത ചോദ്യങ്ങള്‍ മൂല്യനിര്‍ണയം നടത്താതെ ഒഴിവാക്കിയെന്നായിരുന്നു മുമ്പ് ഉയര്‍ന്ന ആക്ഷേപം. മൂല്യനിര്‍ണയം നടത്താതിരുന്നതോടെ മറ്റുള്ളവരുടെ 50 ലേറെ മാര്‍ക്ക് നഷ്ടമായി. മൂല്യനിര്‍ണയം ഒഴിവാക്കിയതിന്റെ ഗുണം കിട്ടിയത് ഒന്നാം റാങ്കുകാരന് മാത്രമാണെന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നു.

ക്രൈം ബ്രാഞ്ച് അന്വേഷണവും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനങ്ങള്‍ക്കും പിന്നാലെയാണ് ഇന്നിപ്പോള്‍ പുതുക്കിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആസൂത്രണ ബോര്‍ഡ് പരീക്ഷ ക്രമക്കേടില്‍ രണ്ട് പിഎസ്സി ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഡെപ്യൂട്ടി സെക്രട്ടറി പി സതീഷ്, അഡീഷണല്‍ സെക്രട്ടറി ആര്‍ ഹരി എന്നിവര്‍ക്കാണ് വീഴച സംഭവിച്ചത്.