പാകിസ്താനില്‍ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ടത് കൊടും ഭീകരര്‍. കൊല്ലപ്പെട്ട അഞ്ച് ഭീകരരുടെ വിശദ വിവരങ്ങള്‍ പുറത്ത്. ലഷ്‌കര്‍ ഹെഡ്ക്വാട്ടേഴ്‌സ് തലവന്‍ ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. മസൂദ് അസറിന്റെ ബന്ധുവും ഇന്ത്യയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. മെയ് 7നാണ് പാകിസ്താനില്‍ ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ നടപ്പാക്കിയത്.
മുഹമ്മദ് ഹസന്‍ ഖാന്‍, മുഹമ്മദ് യൂസഫ് അസര്‍, മുദാസര്‍ ഖാദിയാന്‍ ഖാസ് ( ലഷ്‌കര്‍ ഹെഡ്ക്വാട്ടേഴ്‌സ് തലവന്‍), ഹാഫിസ് മുഹമ്മദ് ജമീല്‍ (മസൂജ് അസറിന്റെ ബന്ധു), ഖാലിദ് എന്നിവരാണ് കൊല്ലപ്പെട്ടത്. ലഷ്‌കര്‍-ഇ-തൊയ്ബ നേതാവ് മുദാസര്‍ ഖാദിയാന്‍ ഖാസിന്റെ സംസ്‌കാര ചടങ്ങില്‍ പാകിസ്താന്‍ സൈന്യം ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. പാക് ആര്‍മി മേധാവിയും പഞ്ചാബ് മുഖ്യമന്ത്രിയുമായ മറിയം നവാസിന്റെ പേരില്‍ റീത്ത് വെക്കുകയും ചെയ്തിരുന്നു. ആഗോള ഭീകരന്‍ ഹാഫിസ് അബ്ദുള്‍ റൗഫിന്റെ നേതൃത്വത്തില്‍ ഒരു സര്‍ക്കാര്‍ സ്‌കൂളിലാണ് ഈ ഭീകരന്റെ സംസ്‌കാരം നടന്നത്. പാക് ആര്‍മിയിലെ ഒരു ലെഫ്റ്റനന്റ് ജനറലും പഞ്ചാബ് പോലീസ് ഐജിയും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
ജെയ്ഷെ-ഇ-മുഹമ്മദ് ഭീകരനായ ഹാഫിസ് മുഹമ്മദ് ജമീല്‍ മൗലാന മസൂദ് അസറിന്റെ സഹോദരീഭര്‍ത്താവ് ആണ്. ബഹവല്‍പൂരിലെ മര്‍കസ് സുബ്ഹാന്‍ അല്ലയുടെ ചുമതലയായിരുന്നു ഈ ഭീകരന്. യുവാക്കള്‍ക്ക് ഭീകര പരിശീലനം ധനസമാഹരണം ഇതൊക്കെയായിരുന്നു ചുമതല. മൗലാന മസൂദ് അസറിന്റെ സഹോദരീഭര്‍ത്താവ് മുഹമ്മദ് യൂസഫ് അസ്ഹറും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ജെയ്ഷെ മുഹമ്മദിനായി ആയുധ പരിശീലനം നല്‍കുന്ന ഭീകരനാണ് ഇയാള്‍. ജമ്മു കശ്മീരിലെ ഒന്നിലധികം ഭീകരാക്രമണങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഐസി-814 ഹൈജാക്കിംഗ് കേസില്‍ തിരയുന്ന ഭീകരനായിരുന്നു ഇയാള്‍.
ലഷ്‌കര്‍-ഇ-തൊയ്ബ ഭീകരനായ അബു ഖാലിദ് ജമ്മു കശ്മീരിലെ ഒന്നിലധികം ഭീകരാക്രമണങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അഫ്ഗാനിസ്ഥാനില്‍ നിന്ന് ആയുധങ്ങള്‍ കടത്തുന്നവരില്‍ പ്രധാനിയായിരുന്നു അബു ഖാലിദ്. ഫൈസലാബാദില്‍ നടന്ന സംസ്‌കാരത്തില്‍ മുതിര്‍ന്ന പാകിസ്താന്‍ ആര്‍മി ഉദ്യോഗസ്ഥരും ഫൈസലാബാദ് ഡെപ്യൂട്ടി കമ്മീഷണറും പങ്കെടുത്തിരുന്നു.
പാക് അധിനിവേശ കശ്മീരിലെ (പിഒകെ) ജെയ്ഷെ മുഹമ്മദിന്റെ ഓപ്പറേഷണല്‍ കമാന്‍ഡറായ മുഫ്തി അസ്ഗര്‍ ഖാന്‍ കശ്മീരിയുടെ മകന്‍ മുഹമ്മദ് ഹസ്സന്‍ ഖാനും ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ ഭീകരാക്രമണങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചിരുന്ന ഭീകരനാണ് മുഹമ്മദ് ഹസ്സന്‍ ഖാന്‍.