തമിഴ്നാട്: 2029ലെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി രാഹുല്‍ഗാന്ധി തന്നെയെന്ന് തമിഴ്‌നാട് പിസിസി അധ്യക്ഷന്‍ മാണിക്കം ടാഗോര്‍. മുഖ്യമന്ത്രി സി ജോസഫ് വിജയും മന്ത്രിമാരും ഇക്കാര്യത്തില്‍ കൃത്യമായ നിലപാട് എടുത്തിട്ടുണ്ട്. വിവാദങ്ങളുടെ ആവശ്യമില്ലെന്നും മാണിക്കം ടാഗോര്‍ വ്യക്തമാക്കി.
നേരത്തെ വിജയ് ഭാവി പ്രധാനമന്ത്രി എന്ന ടി വി കെ വാദത്തില്‍ അതൃപ്തി പരസ്യമാക്കി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ടി വി കെ നേതാക്കള്‍ക്ക് ആരാധകമനോഭാവം ആണെന്ന് പി സി സി അധ്യക്ഷന്‍ മാണിക്കം ടാഗോര്‍ എം പി തുറന്നടിച്ചു.
ടി വി കെ ഫാന്‍സ് മോഡില്‍ നിന്ന് മാറണം എന്നും ടാഗോര്‍ പറഞ്ഞു. മുതിര്‍ന്ന നേതാവ് സെങ്കോട്ടയ്യാന്‍ അടക്കം മന്ത്രിമാര്‍ വിജയ് പ്രധാനമന്ത്രി ആകുമെന്ന് അഭിപ്രായപ്പെട്ടതോടെയാണ് കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയത്. നേരത്തെ കോണ്‍ഗ്രസ് – ഡി എം കെ സഖ്യത്തില്‍ ആയിരുന്നപ്പോള്‍ രാഹുല്‍ ഗാന്ധിയെ ആണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് എം കെ സ്റ്റാലിന്‍ പിന്തുണച്ചിരുന്നത്.
അതേസമയം ടി വി കെയെ നിലവില്‍ ഇന്ത്യ സഖ്യത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല എന്നും എം പിമാര്‍ ഉള്ള പാര്‍ട്ടികള്‍ മാത്രമാണ് ഇന്ത്യ സഖ്യ യോഗത്തില്‍ പങ്കെടുക്കൂ എന്നും മാണിക്കം ടാഗോര്‍ അഭിപ്രായപ്പെട്ടു.




