തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സാധ്യതയെന്ന് കെ എസ് ഇ ബി. അന്തരീക്ഷ താപനില ഉയര്‍ന്നതിനെ തുടര്‍ന്ന് വൈദ്യുതി ഉപയോഗം വര്‍ധിച്ച സാഹചര്യത്തിലും കേന്ദ്ര നിലയങ്ങളില്‍ നിന്നും പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്നുമുള്ള വൈദ്യുതി ലഭ്യതയില്‍ കുറവുണ്ടായതുമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് വിശദീകരണം.
ഈ സാഹചര്യത്തില്‍ വൈകുന്നേരം 6 മണിക്കും രാത്രി 12 മണിക്കും ഇടയില്‍ സംസ്ഥാനത്ത് ഭാഗികമായി വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കുമെന്നാണ് അറിയിപ്പ്. രാജ്യത്താകമാനം വൈദ്യുതി ആവശ്യകത ഉയരുകയും 12,000 മെഗാവാട്ടിന്റെ കുറവ് തുടരുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍, പവര്‍ എക്‌സ്‌ചേഞ്ച് വഴി ആവശ്യമായ അളവില്‍ വൈദ്യുതി ലഭ്യമാകാതിരിക്കുകയോ ഗ്രിഡ് ഫ്രീക്വന്‍സി കുറയുകയോ ചെയ്താല്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുമെന്നും വിശദീകരിച്ചിട്ടുണ്ട്.
അന്തരീക്ഷ താപനില താരതമ്യേന ഉയര്‍ന്ന നിലയില്‍ തുടരുന്നതുമൂലം സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം മുന്‍കാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വര്‍ധിച്ചിരിക്കുകയാണ്. ഇതോടൊപ്പം രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വര്‍ധിച്ചതിനാല്‍ പവര്‍ എക്‌സ്‌ചേഞ്ചിലൂടെയുള്ള വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്. ഗ്രിഡ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയുടെ അറിയിപ്പ് പ്രകാരം രാജ്യത്തെ വൈദ്യുതി ലഭ്യതയിലുളള 12000 മെഗാവാട്ടിന്റെ കുറവ് പൂര്‍ണ്ണമായും പരിഹരിക്കാത്ത സാഹചര്യവും നിലനില്‍ക്കുകയാണ്.
കേന്ദ്ര വൈദ്യുതി നിലയങ്ങളില്‍ നിന്നുള്ള വൈദ്യുതി ലഭ്യതയില്‍ അപ്രതീക്ഷിത കുറവും അനുഭവപ്പെടുന്നുണ്ട്. കൂടാതെ കഴിഞ്ഞ ദിവസങ്ങളില്‍ പീക്ക് സമയങ്ങളിലെ വൈദ്യുതി ആവശ്യകത മുന്‍കാലങ്ങളിലെ സെപ്റ്റംബര്‍ മാസത്തിലെ ആവശ്യകതയില്‍ നിന്ന് 500 മുതല്‍ 800 മെഗാവാട്ട് വരെ ഉയര്‍ന്നിട്ടുമുണ്ട്.
മഴ മാറിനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ഉയര്‍ന്ന വൈദ്യുതി ആവശ്യകത മുന്‍ദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 500 മുതല്‍ 600 മെഗാവാട്ട് വരെ വര്‍ധിക്കാന്‍ സാധ്യതയുണ്ട്. പവര്‍ എക്‌സ്‌ചേഞ്ച് വഴി ആവശ്യമായ അളവില്‍ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യവും, ഗ്രിഡ് ഫ്രീക്വന്‍സി കുറയുന്ന സാഹചര്യവും ഉണ്ടായാല്‍, 05.09.2026 ശനിയാഴ്ച സംസ്ഥാനത്ത് വൈകുന്നേരം 6 മണിക്കും 12 മണിക്കുമിടയില്‍ ഭാഗികമായി വൈദ്യുത നിയന്ത്രണം ആവശ്യമായി വന്നേക്കാം.




