മലയാളത്തിന്റെ നടനവിസ്മയം മമ്മൂട്ടിക്ക് ഇന്ന് 75-ാം പിറന്നാള്‍

മലയാളത്തിന്റെ നടനവിസ്മയം മമ്മൂട്ടിക്ക് ഇന്ന് 75-ാം പിറന്നാള്‍. അഭിനയജീവിതത്തില്‍ അമ്പതാണ്ടുകള്‍ പിന്നിടുമ്പോഴും നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുന്നു മമ്മൂക്ക. മികച്ച നടനുള്ള നാലാമത്തെ ദേശീയ പുരസ്‌കാരത്തിന്റെ നിറവിലാണ് മമ്മൂട്ടിയുടെ ഈ ജന്മദിനം. മമ്മൂക്കയ്ക്ക് ജന്മദിനാശംസകള്‍. നോട്ടം കൊണ്ടും വാക്കു കൊണ്ടും ഒരനക്കം കൊണ്ടും അരനൂറ്റാണ്ടായി മലയാളി മനസ്സുകളില്‍ ഒടുങ്ങാത്ത ആവേശമായി പടര്‍ന്നുപന്തലിച്ചു നില്‍ക്കുന്ന അഭിനയത്തിന്റെ മഹാവൃക്ഷത്തിന്റെ പേരാണ് മമ്മൂട്ടി.

ഇന്ത്യന്‍ സിനിമയെ വിസ്മയിപ്പിച്ചുകൊണ്ട് കാലത്തെ അതിജീവിക്കുന്ന കഥാപാത്രങ്ങള്‍ മമ്മൂട്ടിയിലൂടെ പിറവിയെടുത്തുകൊണ്ടേയിരുന്നു. വെറുമൊരു നടനല്ല, മറിച്ച് മനുഷ്യാവസ്ഥകളുടെ പര്യവേഷണങ്ങളാണ് മമ്മൂട്ടിയുടെ കഥാപാത്രങ്ങള്‍. 1971ല്‍ അനുഭവങ്ങള്‍ പാളിച്ചകളിലും 1973ല്‍ കാലചക്രത്തിലും അപ്രധാനമായ വേഷങ്ങള്‍ ചെയ്ത് സിനിമയില്‍ അരങ്ങേറ്റം കുറിച്ച മമ്മൂട്ടിയുടെ പേര് ആദ്യമായി രേഖപ്പെടുത്തിയത് 1980-ല്‍ ആസാദ് സംവിധാനം ചെയ്ത വില്‍ക്കാനുണ്ട് സ്വപ്നങ്ങളിലായിരുന്നു.

വിധേയനിലെ ഭാസ്‌കരപട്ടേലരും ഒരു വടക്കന്‍ വീരഗാഥയിലെ ചന്തുവും മൃഗയയിലെ വാറുണ്ണിയും സൂര്യമാനസത്തിലെ പുട്ടുറുമീസും പൊന്തന്‍മാടയിലെ മാടയും വാത്സല്യത്തിലെ രാഘവനുമൊക്കെയായി എത്രയെത്ര വേഷങ്ങള്‍. ഒടുങ്ങാത്ത അഭിനിവേശത്തോടെ നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുന്ന ഒരു അഭിനയ വിദ്യാര്‍ത്ഥിയാണ് ഇന്നും മമ്മൂട്ടി. മലയാളത്തിനപ്പുറം വിവിധ ഇന്ത്യന്‍ ഭാഷാ സിനിമകളിലും മമ്മൂട്ടി വേഷമിട്ടു.

കാസര്‍ഗോഡന്‍ നാട്ടുഭാഷ മുതല്‍ വള്ളുവനാടന്‍ ഭാഷയും തൃശൂര്‍ ഭാഷയും കോട്ടയം ഭാഷയും വരെ വഴങ്ങി. തികഞ്ഞ പ്രൊഫഷണലിസവും ആത്മാര്‍പ്പണവുമുണ്ടെങ്കില്‍ കാലത്തെ അതിജീവിച്ചുകൊണ്ട് മികവുറ്റ കഥാപാത്രങ്ങളുമായി മുന്നേറാമെന്ന് തെളിയിച്ചുകൊണ്ടേയിരിക്കുകയാണ് മമ്മൂട്ടി. പ്രായം മമ്മൂട്ടിക്കു പിറകേ ചലിക്കുന്ന വെറുമൊരു അക്കം മാത്രം.

Scroll to Top