ഡല്‍ഹി: സത്യനികേതനില്‍ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചരുടെ എണ്ണം ആറായി. കാണാതാവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ഇന്നലെ രാത്രി വൈകിയും എന്‍ഡിആര്‍എഫിന്റെയും വിവിധ സേനകളുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടര്‍ന്നു. മൂന്നുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. പരിക്കേറ്റ വരെ സഫ്ദര്‍ഗുഞ്ച് ആശുപത്രിയിലും എയിംസ് ആശുപത്രിയിലുമായി ആണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
അപകട കാരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ ഡല്‍ഹി സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്.അതേസമയം ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ എതിരെ പ്രതിഷേധം ശക്തമാവുകയാണ്. ഇന്നലെ വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധവുമായി എം സി ഡി ഓഫീസില്‍ എത്തിയിരുന്നു. എംസിഡി കമ്മീഷണര്‍ രാജി വയ്ക്കണമെന്നും ഡല്‍ഹിയിലെ പഴയ കെട്ടിടങ്ങളില്‍ സമഗ്ര സുരക്ഷ ഓഡിറ്റ് ഉടന്‍ തന്നെ നടപ്പിലാക്കണമെന്നുമാണ് ആവശ്യം.
ഡല്‍ഹി സര്‍ക്കാരിനും മുന്‍സിപ്പല്‍ കോര്‍പ്പറേഷനുമെതിരെ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സത്യനികേതിന് സമീപത്തെ ബോയ്‌സ് ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്നുവീണത്. കെട്ടിടത്തിന്റെ ഉടമസ്ഥനെന്ന് ആരോപിക്കപ്പെടുന്ന ഹരിറാമിനും മറ്റുള്ളവര്‍ക്കുമെതിരെ ഡല്‍ഹി പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ നടന്നുകൊണ്ടിരുന്ന നവീകരണ പ്രവര്‍ത്തനങ്ങളാകാം തകര്‍ച്ചയ്ക്ക് കാരണമായതെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.




